എമ്പുരാന്: പ്രദര്‍ശനം തടയാതെ കോടതി
Wednesday, April 2, 2025 2:19 AM IST
കൊച്ചി: എമ്പുരാന് സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം അനുവദിക്കാതെ ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെടുന്നത് എന്തിനാണെന്നായിരുന്നു ജസ്റ്റീസ് സി.എസ്. ഡയസിന്റെ ചോദ്യം.
സിനിമയില്‍ രാജ്യവിരുദ്ധത ഉണ്ടെന്നും വര്‍ഗീയ കലാപത്തിനടക്കം കാരണമാകും എന്നും ആരോപിച്ച് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സിനിമ കണ്ടോ എന്ന് ഹര്‍ജിക്കാരനോടു ചോദിച്ച കോടതി, പോലീസ് സംസ്ഥാനത്ത് ഇതുവരെ എഫ്ഐആര്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലലോ എന്നും പറഞ്ഞു. ഇതുവരെയും അത്തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു വിശദീകരിച്ച സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത സിനിമയില്‍ ഇടപെടാനാകില്ലെന്ന സുപ്രീംകോടതിയുടെ മുന്‍ ഉത്തരവും ചൂണ്ടിക്കാട്ടി.തുടര്‍ന്നാണ് പ്രദര്‍ശനം തടയണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കിയത്.
പബ്ലിസിറ്റിക്കായാണോ ഹര്‍ജി നല്‍കിയതെന്നു കോടതി ചോദിച്ചു. ഹര്‍ജിക്കാരന്റെ ഉദ്ദേശ്യത്തെ സംശയിക്കുന്നുവെന്നു പറഞ്ഞ കോടതി ആവശ്യമില്ലാതെ വിഷയത്തെ വഷളാക്കാനാണു ശ്രമിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അതിനാല്‍ പ്രദര്‍ശനം തടയാന്‍ ഉത്തരവിടണമെന്നുമാണു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര അന്വേഷണ ഏജന്‍സികളെയടക്കം സിനിമയില്‍ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സംസ്ഥാന പോലീസ് മേധാവിക്കും നോട്ടീസ് അയയ്ക്കാൻ നിര്‍ദേശിച്ച കോടതി, ഹര്‍ജി അവധിക്കാലത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി.
ഹര്‍ജിയില്‍ എതിര്‍കക്ഷികളായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ഗോകുലം ഗോപാലന് അടക്കമുള്ളവര്‍ക്കു കോടതി നോട്ടീസ് അയച്ചില്ല.