വയനാട് അട്ടമലയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം
Thursday, February 13, 2025 3:21 AM IST
കൽപ്പറ്റ: വയനാട്ടിൽ മേപ്പാടി പഞ്ചായത്തിലെ അട്ടമലയിൽ ചൊവ്വാഴ്ച രാത്രി കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു.
അട്ടമല ഏറാട്ട് ചോലനായ്ക്ക ഉന്നതിയിലെ കറുപ്പൻ-ബിന്ദു ദന്പതികളുടെ മകൻ ബാലകൃഷ്ണനാണ് (26) മരിച്ചത്. തലയുടെ പിൻഭാഗം തകർന്ന് തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉപ്പൂറ്റിയടക്കം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റിരുന്നു.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിത പ്രദേശമാണ് അട്ടമല. ഹാരിസണ് മലയാളം കന്പനിയുടെ തേയിലത്തോട്ടത്തിലൂടെ ഉന്നതിയിലേക്കുള്ള വഴിയിൽ ഇന്നലെ രാവിലെയാണു ബാലകൃഷ്ണനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഏറാട്ടുകുണ്ട് ഉന്നതിയിൽ നിലവിൽ നാലു കുടുംബങ്ങളാണു താമസിക്കുന്നത്. ഇവിടെയുണ്ടായിരുന്നതിൽ മൂന്നു കുടുംബങ്ങൾ ഉരുൾദുരന്തത്തിനു പിന്നാലെ എസ്റ്റേറ്റ് പാടിയിലേക്കു മാറിയിരുന്നു. അവിവാഹിതനായ ബാലകൃഷ്ണൻ ഇടയ്ക്ക് എസ്റ്റേറ്റ് പാടിയിലും താമസിച്ചിരുന്നു.
കൂലിപ്പണിക്കു വിളിക്കുന്നതിന് പ്രദേശവാസി ഇന്നലെ രാവിലെ ഉന്നതിയിലെത്തിയപ്പോഴാണ് ബാലകൃഷ്ണനെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.
രാത്രി എട്ടിനുശേഷമാണ് ബാലകൃഷ്ണൻ കാട്ടാന ആക്രമണത്തിനിരയായതെന്നാണ് അനുമാനം. ചൂരൽമലയിൽ രാത്രി ഏഴോടെ ബാലകൃഷ്ണനെ കണ്ടവരുണ്ട്. ചൂരൽമലയിൽ സൈന്യം പണിത ബെയ്ലി പാലത്തിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ മാറിയാണ് അട്ടമല.
ഇവിടെനിന്ന് ഉന്നതിയിലേക്ക് ഒരു കിലോമീറ്ററിനടുത്ത് ദൂരമുണ്ട്. നിലന്പൂർ വനത്തോടു ചേർന്ന പ്രദേശമാണ് അട്ടമല. നൂൽപ്പുഴ പഞ്ചായത്തിൽപ്പെട്ട കാപ്പാട് ഉന്നതിക്കു സമീപം നീലഗിരി വെള്ളരി ഉന്നതിയിലെ മനു (45) തിങ്കളാഴ്ച രാത്രികാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽനിന്നു വയനാട് മോചിതമാകുംമുന്പാണ് അട്ടമലയിലെ ദുരന്തം.