കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാം; മണിയാറില്‍ സ്വകാര്യ കമ്പനിക്കു കോടികളുടെ ലാഭം
Saturday, December 21, 2024 12:47 AM IST
ബിജു കുര്യന്
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും ചെലവു കുറഞ്ഞ വൈദ്യുതി ഉത്പാദന കേന്ദ്രമാണ് മണിയാറിലേത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മണിയാറിലെത്തുന്ന വെള്ളം ഉപയോഗിച്ച് സ്വകാര്യ കമ്പനി നേടിയ ലാഭം 300 കോടിയിലേറെയാണെന്ന് കെഎസ്ഇബി.
ഓരോവര്‍ഷത്തെയും വൈദ്യുതി നിരക്ക് കണക്കാക്കിയാല്‍ ശരാശരി 332 കോടി രൂപയുടെ ലാഭം ഇക്കാലയളവില്‍ മണിയാര്‍ പദ്ധതിയുടെ നടത്തിപ്പുകാരായ കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡിനുണ്ടായിട്ടുണ്ടെന്നാണ് വൈദ്യുതി ബോര്‍ഡ് കണക്കാക്കുന്നത്.
സംസ്ഥാനത്തെ പ്രഥമ സ്വകാര്യ ജലവൈദ്യുത ഉത്പാദന കേന്ദ്രമാണ് മണിയാറിലേത്. 1994ല്‍ ഇതിന്റെ നിര്‍മാണച്ചെലവ് 22 കോടി രൂപയായിരുന്നു. നിലവില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ചെലവാകുന്നത് 50 പൈസയില്‍ താഴെയാണ്. വൈദ്യുതി ബോര്‍ഡില്‍ നിന്ന് നിലവില്‍ ഒരു യൂണിറ്റ് വൈദ്യുതി മറ്റ് കമ്പനികള്‍ വാങ്ങുമ്പോള്‍ 6.20 രൂപ നല്‍കണം.
കാര്‍ബോറാണ്ടം ഉത്പാദിപ്പിക്കുന്ന വൈദ്യുതി അതേ അളവില്‍ അവര്‍ക്ക് കൊച്ചിയില്‍ വ്യാവസായിക ആവശ്യത്തിനു ലഭ്യമാകും. പക്ഷേ കെഎസ്ഇബി അധികവിലയ്ക്കു വാങ്ങുന്ന വൈദ്യുതിയാണ് കൊച്ചിയില്‍ സൗജന്യമായി കാര്‍ബോറാണ്ടം കമ്പനിക്ക് കെഎസ്ഇബി നല്‍കേണ്ടിവരുന്നത്.
പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജലസേചന വകുപ്പ് കക്കാട്ടാറിനു കുറുകെ മണിയാറില്‍ നിര്‍മിച്ചിട്ടുള്ള ഡാമിലെ വെള്ളമുപയോഗിച്ചാണ് കാര്‍ബോറാണ്ടം പദ്ധതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
മണിയാര്‍ സംഭരണിയില്‍ വെള്ളം വേനല്‍ക്കാലത്ത് ജലസേചന ആവശ്യത്തിനു വിനിയോഗിക്കേണ്ടതുള്ളതിനാല് വേനല്‍ക്കാലത്ത് വൈദ്യുതി ഉത്പാദനം നടത്തരുതെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു.
എന്നാല്‍ കുറെ വര്‍ഷങ്ങളായി ജലസേചന വകുപ്പ് കൃത്യമായി കനാലിലൂടെ വെള്ളം വിടാത്തതിനാല്‍ വൈദ്യുതി ഉത്പാദനം ഇക്കാലയളവിലും കാര്യക്ഷമമായി നടത്തുന്നുണ്ട്. വര്‍ഷത്തിന്റെ മുഴുവന്‍ സമയവും വൈദ്യുതി ഉത്പാദിപ്പിക്കാമെന്നതാണ് മണിയാറിലെ പ്രത്യേകത.
ശബരിഗിരി ജലവൈദ്യുത പദ്ധതിയില്‍ നിന്നും ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം കക്കാട് പദ്ധതിയുടെ ഉപയോഗശേഷം കക്കാട്ടാറ്റിലൂടെ ഒഴുകിയെത്തുന്നതാണ് മണിയാറില്‍ സംഭരിക്കുന്നത്.
പദ്ധതി ആരംഭിക്കുമ്പോള്‍ ഉത്പാദനച്ചെലവ് യൂണിറ്റിന് പത്തു പൈസയായിരുന്നു. അക്കാലത്ത് വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് 90 പൈസയും. പത്തുവര്ത്തിനുശേഷം ഇത് 30 പൈസയും മൂന്നു രൂപയുമായി.
നിലവില്‍ 50 പൈസയും 6.20 രൂപയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഉത്പാദനച്ചെലവ് ഒഴിവാക്കിയാല്‍ ഒരുവര്‍ഷം കുറഞ്ഞത് 11.07 കോടി രൂപ കമ്പനിക്ക് ലാഭമുണ്ടായിട്ടുണ്ടാകുമെന്നാണ് വൈദ്യുതി ബോര്‍ഡ് കണക്കാക്കുന്നത്. പ്രതിവര്‍ഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് മണിയാറില്‍ നടക്കുന്നത്.