ഇന്ന് ലോക അനസ്തേഷ്യ ദിനം: അനസ്തേഷ്യയുടെ സാധ്യതകൾ
Wednesday, October 16, 2024 12:22 AM IST
ഡോ. നെൽസൺ തോമസ്
1846 ഒക്ടോബർ 16ന് ആദ്യത്തെ വിജയകരമായ ഈഥർ അനസ്തേഷ്യ പ്രദർശനം നടന്നതിന്റെ 177-ാം വാർഷികമാണിന്ന്. അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയകൾ സങ്കൽപ്പിക്കാൻപോലും കഴിയാത്തവിധം വൈദ്യശാസ്ത്രത്തിന്റെ എല്ലാ ശാഖകളിലും നിർണായകമായ പങ്ക് ഇന്ന് ഈ വൈദ്യശാസ്ത്ര ശാഖയ്ക്കുണ്ട്.
അനസ്തേഷ്യയുടെ മേഖലകൾ നിരന്തരമായ ഗവേഷണങ്ങളിലൂടെ വളരെയേറെ പുരോതി കൈവരിച്ചുകഴിഞ്ഞു. ആദ്യകാലങ്ങളിലെ ക്രൂരവും അപകടകരവുമായ രീതികളിൽ നിന്ന് ഇന്ന് അതിസങ്കീർണവും സുരക്ഷിതവും ഫലപ്രദവുമായ ഒരു ശാസ്ത്രീയ മേഖലയായി മാറിയിരിക്കുന്നു.
രോഗികളെ ഉണർത്തിക്കിടത്തി, വേദനയില്ലാതെ തലച്ചോറിൽ സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുന്നതിൽനിന്ന് തുടങ്ങി അൾട്രാസൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓപ്പറേഷൻ ചെയ്യേണ്ട ഭാഗത്തേക്കുള്ള ഞരമ്പുകൾ മാത്രം മരവിപ്പിക്കുന്ന റിജണൽ അനസ്തേഷ്യ സങ്കേതങ്ങൾ വരെയുള്ള ഇന്നത്തെ അനസ്തേഷ്യയുടെ സാധ്യതകൾ അനന്തമാണ്.
അവയവമാറ്റം, റോബോട്ടിക് സർജറി, കാർഡിയാക് സർജറി തുടങ്ങി ഏതുതരം സർജറിക്കും രോഗിയുടെ ആരോഗ്യനില പരിഗണിച്ച് സുരക്ഷിതമായ അനസ്തേഷ്യ ആസൂത്രണം ചെയ്യാൻ ഇന്ന് സാധിക്കും. ടെക്നോളജി വികസിക്കുന്നതനുസരിച്ച് അനസ്തേഷ്യ മേഖലയിൽ കൂടുതൽ നൂതന വികസനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
അനസ്തേഷ്യയുടെ അളവും രോഗികളിൽ മരുന്നുകളുടെ പ്രവർത്തനവും പ്രവചിക്കുന്ന നിർമിത ബുദ്ധിയുടെ ഉപയോഗവും വ്യക്തികേന്ദ്രീകൃത അനസ്തീഷ്യ പദ്ധതികളുടെ ആവിർഭാവവും ഒക്കെ ഭാവിയുടെ വാഗ്ദാനങ്ങളാണ്.
അറിവും ശ്രദ്ധയും നൈപുണ്യവും ഒത്തുചേരേണ്ട അതിസങ്കീർണമായ ശാസ്ത്രീയ പ്രക്രിയയാണ് ഓരോ അനസ്തേഷ്യയും. മനുഷ്യ ശരീരത്തിലെ തലച്ചോറ്, ഹൃദയം, ശ്വാസകോശം, പേശികൾ എന്നുവേണ്ട സകല അവയവങ്ങളുടെയും പ്രവർത്തനം സുരക്ഷിതമായി നിരീക്ഷിച്ചും നിയന്ത്രിച്ചും ആണ് അനസ്തേഷ്യ സാധ്യമാക്കുന്നത്.
അനസ്തേഷ്യ ഡോക്ടർമാർ, ടെക്നീഷൻമാർ, നഴ്സുമാർ തുടങ്ങിയ ഒരു കൂട്ടം ആരോഗ്യപ്രവർത്തകരുടെ സമയബന്ധിതമായ, കർമനിരതമായ പ്രവർത്തനം ഓരൊ അനസ്തേഷ്യയുടെ വിജയത്തിന് പുറകിലുണ്ട്. ഇവരുടെ ക്ഷേമവും ആരോഗ്യവും ഓരോ അനസ്തേഷ്യയും സുരക്ഷിതമായിരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
ഈ തിരിച്ചറിവിൽനിന്നാണ് ഈ വർഷത്തെ ലോക അനസ്തേഷ്യ ദിനത്തിന്റെ പ്രമേയമായി ‘അനസ്തേഷ്യ പ്രവർത്തകരുടെ ക്ഷേമം’ എന്ന ആശയം 150ലധികം രാജ്യങ്ങളിലെ അനസ്തേഷ്യ പ്രവർത്തകരുടെ സംഘടനകളെ പ്രതിനിധീകരിക്കുന്ന വേൾഡ് ഫെഡറേഷൻ ഓഫ് സൊസൈറ്റീസ് ഓഫ് അനസ്തേഷ്യോ ളജിസ്റ്റസ് മുന്നോട്ടുവച്ചിരിക്കുന്നത്.