കമ്മീഷൻ ഉത്തരവ് ഭരണഘടനാ ലംഘനം: മുസ്ലിം ജമാ അത്ത്
Monday, October 14, 2024 5:44 AM IST
കോഴിക്കോട്: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്, ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയിലും മതസ്വാതന്ത്ര്യത്തിന്മേലുമുള്ള നഗ്നമായ കടന്നാക്രമണമാണെന്നു കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന കാബിനറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങളെ ബാലാവകാശ കമ്മീഷന്റെ മറവിൽ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ നീക്കം അത്യന്തം പ്രകോപനപരവും രാജ്യത്തു നിലനിൽക്കുന്ന ജനാധിപത്യ അവകാശങ്ങളുടെ പച്ചയായ ലംഘനവുമാണ്. നിലവിലുള്ള സംരംഭങ്ങളിൽ എന്തെങ്കിലും കുറവുകളോ പാളിച്ചകളോ ഉണ്ടെങ്കിൽ അതു പരിഹരിക്കാൻ ആവശ്യമായ ഇടപെടലാണു കേന്ദ്രസർക്കാരിൽനിന്നു സമൂഹം പ്രതീക്ഷിക്കുന്നത്.
യോഗത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദു റഹ്മാൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.