സിപിഐ സംസ്ഥാന കൗണ്‍സിലിൽ രൂക്ഷ വിമർശനം
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം: പാർട്ടി സെക്രട്ടറി പറയേണ്ട കാര്യങ്ങൾ മറ്റു നേതാക്കൾ പറയുന്നതു കമ്യൂണിസ്റ്റ് രീതിയല്ലെന്നും ഇക്കാര്യത്തിൽ കെ. പ്രകാശ്ബാബുവിന്റെ നിലപാടിനോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം.
പാർട്ടി പത്രത്തിൽ പാർട്ടി നിലപാടു പറയേണ്ടതു സംസ്ഥാന സെക്രട്ടറിയാണ്. എന്നാൽ സീനിയറായിട്ടുള്ള പ്രകാശ് ബാബുവിനെപ്പോലുള്ള നേതാക്കൾ പാർട്ടി നിലപാടു സ്വന്തമായി പ്രഖ്യാപിക്കുന്നതു സിപിഐയിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന കൗണ്‍സിലിൽ നേതാക്കൾ പറഞ്ഞു.
തൃശൂർ പൂരം അലങ്കോലമാക്കിയതിനേക്കാൾ ഗുരുതരമായ വിഷയമാണ് ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്റെ കൂടിക്കാഴ്ച. മുഖ്യമന്ത്രിയും സിപിഎമ്മും എഡിജിപിയെ സംരക്ഷിക്കുന്നുവെന്ന ചിത്രമാണു ജനങ്ങൾക്കു മുന്നിലുള്ളത്. ഇടതുമുന്നണി യോഗത്തിൽ പോലും എഡിജിപി വിഷയം ചർച്ച ചെയ്തില്ല.
എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്നു മാറ്റാൻ പോലും മുഖ്യമന്ത്രി തയാറായില്ല. ഈ സാഹചര്യത്തിലാണു സിപിഐ സംസ്ഥാന സെക്രട്ടറിക്ക് എഡിജിപിക്കെതിരേ പരസ്യമായി പറയേണ്ടിവന്നത്. ഒടുവിൽ നിയമസഭ ചേരുന്നതിനു തലേദിവസമാണ് അജിത്കുമാറിനു സ്ഥാനചലനമുണ്ടായത്. ഇതു നേരത്തേ ചെയ്തിരുന്നുവെങ്കിൽ സർക്കാരും മുന്നണിയും പ്രതിരോധത്തിലാകില്ലായിരുന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി.
പി.വി. അൻവറിന്റെ വെളിപ്പെടുത്തലുകളും മുഖ്യമന്ത്രിക്കെതിരേയുള്ള ആരോപണങ്ങളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. വിവാദങ്ങളെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതു നല്ല രീതിയിലല്ല. മാധ്യമങ്ങളെയാകെ അദ്ദേഹം കളിയാക്കുന്നു. ഹിന്ദുവിൽ നൽകിയ അഭിമുഖവും ക്ഷീണമുണ്ടാക്കി.
സിപിഎമ്മും മുഖ്യമന്ത്രിയും പറയുംപോലെ മാത്രമാണു കാര്യങ്ങൾ നടക്കുന്നത്. സിപിഐക്കു പ്രത്യേകിച്ചു കാര്യമില്ലെന്ന ആക്ഷേപം ശക്തമാണെന്നും ഇതിന്റെ ഉദാഹരണമാണ് പാർട്ടി കൈകാര്യം ചെയ്യുന്ന വകുപ്പുകളോടു കാണിക്കുന്ന അവഗണനയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
പാർട്ടി സംസ്ഥാന ഘടകത്തോട് ആലോചിക്കാതെ ആനിരാജ അടുത്തിടെ നടത്തിയ പരാമർശങ്ങൾ സിപിഐ രീതിയല്ല. ദേശീയ നേതാവെന്ന നിലയിൽ പ്രവർത്തിക്കുന്പോൾ കൂടുതൽ ഗൗരവത്തോടെ കാര്യങ്ങളിൽ പ്രതികരിക്കണമെന്നും ആനി രാജയെ പാർട്ടി നിയന്ത്രിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പാർട്ടി കാര്യങ്ങൾ സെക്രട്ടറിയാണു പറയുന്നതെന്നും താൻ ആരെയും അതിനു ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചർച്ചയ്ക്കു മറുപടിയായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തിൽ വ്യക്തമാക്കി.
എന്നാൽ, പ്രകാശ്ബാബുവിന്റെയോ മറ്റു നേതാക്കളുടെയോ പേര് സെക്രട്ടറി പറഞ്ഞില്ല. നേതാക്കൾ മാധ്യമങ്ങൾക്കു മുന്നിൽ കാര്യങ്ങൾ പറയുന്പോൾ പാർട്ടി അഭിപ്രായമായി അതു വ്യാഖ്യാനിക്കപ്പെടുമെന്നു മാത്രമായിരുന്നു ബിനോയിയുടെ മറുപടി.
“സംരക്ഷണവും വിമർശനവും വേണം”
സർക്കാരിനെയും ഇടതുമുന്നണിയെയും സംരക്ഷിക്കേണ്ടതു സിപിഐയുടെ ഉത്തരവാദിത്വമാണെന്നു പാർട്ടി സംസ്ഥാന കൗണ്‍സിലിൽ ദേശീയ സെക്രട്ടറി ഡി. രാജ. എന്നാൽ വിമർശിക്കേണ്ട കാര്യങ്ങൾ ശക്തമായി പറയണം.
തിരുത്തിക്കേണ്ട സന്ദർഭം വന്നാൽ അതു ധൈര്യപൂർവം നിർവഹിക്കണം. മുന്നണി യോഗമാണ് അതിനുള്ള വഴി. ഇന്ത്യയിൽ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമാണു കേരളം.
അതുകൊണ്ടുതന്നെ ഭരണത്തെ സംരക്ഷിച്ചു നിർത്തേണ്ടതു സിപിഎമ്മിനെപ്പോലെ സിപിഐയുടെയും ഉത്തരവാദിത്വമാണെന്നും രാജ പറഞ്ഞു.