പി. വിജയൻ ഇന്റലിജൻസ് എഡിജിപി
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിനെത്തുടർന്നു സസ്പെൻഷനിലായ പി. വിജയൻ സംസ്ഥാന ഇന്റലിജൻസ് എഡിജിപിയായി തിരിച്ചെത്തി.
മനോജ് ഏബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചതിനെത്തുടർന്നാണ്, അദ്ദേഹം വഹിച്ചിരുന്ന ഇന്റലിജൻസ് എഡിജിപിസ്ഥാനത്തു പി. വിജയനെ നിയമിച്ചത്. വിജയൻ വഹിച്ചിരുന്ന കേപ് ഡയറക്ടർസ്ഥാനത്തേക്ക് ഐജി എ. അക്ബറിനെ നിയമിച്ചു.
എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതിയെ പിടിക്കാൻ കേന്ദ്രസഹായം തേടിയതിന്റെ പേരിലാണ് അന്ന് ഐജിയായിരുന്ന പി. വിജയനെ സസ്പെൻഡ് ചെയ്തത്. പിന്നീട് എഡിജിപിയായുള്ള സ്ഥാനക്കയറ്റവും തടഞ്ഞു.
കഴിഞ്ഞ മേയിൽ എഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജയനെ പോലീസ് അക്കാദമിയിൽ നിയമിച്ചു. ഇപ്പോൾ ആർഎസ്എസ് വിവാദത്തെത്തുടർന്ന് അജിത്കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്നു മാറ്റി പകരം മനോജ് ഏബ്രഹാമിനെ നിയമിച്ചു. ഇന്റലിജൻസ് എഡിജിപിയുടെ ചുമതലയും അദ്ദേഹം വഹിച്ചു. രണ്ടും ഒരുമിച്ചു വഹിക്കാൻ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടർന്നാണ് വിജയനെ ഇന്റലിജൻസിൽ നിയമിച്ചത്.
ട്രെയിൻ തീവയ്പുകേസ് പ്രതിയെ മഹാരാഷ്ട്രയിൽനിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരെ വിജയൻ ഫോണിൽ ബന്ധപ്പെട്ടത് സുരക്ഷാവീഴ്ചയ്ക്കിടയാക്കിയെന്ന അജിത്കുമാറിന്റെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു വിശദീകരണം തേടാതെയുള്ള സസ്പെൻഷൻ. ആറു മാസം സസ്പെൻഷനിലായിരുന്നു.
തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി ശിപാർശ ചെയ്തിട്ടും ഫലമുണ്ടായില്ല. എന്നാൽ നടപടി വിവാദമായതോടെ തിരിച്ചെടുക്കുകയായിരുന്നു. വിജയൻ കേന്ദ്രസഹായം തേടിയതിൽ തെറ്റില്ലെന്നു വകുപ്പുതല അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.