ഐഎച്ച്ആർഡി : യോഗ്യതകളിൽ ഇളവു വരുത്തി ഡയറക്ടറെ നിയമിക്കാൻ നീക്കം
Wednesday, October 9, 2024 12:44 AM IST
തിരുവനന്തപുരം: സംസ്ഥാന സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറുടെ തസ്തികയ്ക്ക് തുല്യമായ ഐഎച്ച്ആർഡി ഡയറക്ടറുടെ യോഗ്യതകളിൽ ഇളവു വരുത്തി ഡയറക്ടറെ നിയമിക്കുവാൻ നീക്കമെന്നു പരാതി. ഇന്ന് തിരുവനന്തപുരത്ത് ഇതിനായി അഭിമുഖം നടത്തുന്നുവെന്ന പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി രംഗത്തെത്തി.
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ. അരുണ്‍കുമാറിനെ ഐഎച്ച്ആർഡി ഡയറക്ടറായി നിയമിക്കുന്നതിനായാണ് എഐസിടിഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളിൽ ഇളവ് വരുത്തി സ്പെഷൽ റൂൾ സർക്കാർ ഭേദഗതി ചെയ്തതെന്നു പരാതിയിൽ പറയുന്നു.
ഐഎച്ച്ആർഡി നിയമാവലി പ്രകാരം യോഗ്യതകളിൽ ഭേദഗതി വരുത്താൻ ഗവേണിംഗ് ബോഡിക്കു മാത്രമേ അധികാരമുള്ളൂവെന്നും എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യോഗ്യതകളിൽ ഇളവ് വരുത്തിയിരിക്കുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
എഐസിടിഇ നിയമാവലി അനുസരിച്ച് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും, 15 കൊല്ലത്തെ അധ്യാപന പരിചയവും, പിഎച്ച്ഡി ഗൈഡ് ഷിപ്പും,രണ്ടുപേരെ ഗൈഡ് ചെയ്ത പരിചയവും, യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ ഇതിനു പകരമായി ഏഴു വർഷത്തെ അഡീഷണൽ ഡയറക്ടർ പരിചയം കൂടി ഡയറക്ടർ നിയമനത്തിനുള്ള പുതിയ യോഗ്യതയായി കൂട്ടിച്ചേർത്തുവെന്നും ഡയറക്ടർക്ക് നിശ്ചയിച്ചിട്ടുള്ള എൻജിനിയറിംഗ് ബിരുദത്തിനു പകരം അരുണ്‍കുമാറിന് എംസിഎ ബിരുദമാണ് ഉള്ളതെന്നും പരാതിയിൽ പറയുന്നു.
ഐഎച്ച്ആർഡി യുടെ തലപ്പത്ത് എഐസിടിഇ, യുജിസി നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ അവഗണിച്ച് ഡയറക്ടർ നിയമനം നടത്തരുതെന്നും ഇന്ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റർവ്യൂ മാറ്റിവയ്ക്കണമെന്നും യോഗ്യതകളിൽ ഇളവ് വരുത്തിയ സർക്കാർ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.