നിയമസഭയിൽ പോരടിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Tuesday, October 8, 2024 3:02 AM IST
തിരുവനന്തപുരം: നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്കേറ്റവും സ്പീക്കറുടെ ഡയസിൽ കയറിയുള്ള പ്രതിപക്ഷ ബഹളവും ഉൾപ്പെടെ മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾ. സ്പീക്കറുടെ ഡയസിൽ പ്രതിപക്ഷ അംഗങ്ങൾക്ക് നേരേ വാച്ച് ആൻഡ് വാർഡിന്റെ ബലപ്രയോഗം. ബഹളം കൈയാങ്കളിയുടെ വക്കോളമെത്തിയതോടെ സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പിരിഞ്ഞു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ഇന്നലെ സഭയെ പ്രക്ഷുബ്ധമാക്കിയത്. മലപ്പുറവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമർശം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചെങ്കിലും ബഹളത്തെ തുടർന്ന് സഭ നേരത്തേ പിരിഞ്ഞതിനാൽ ചർച്ച നടന്നില്ല.
ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം ശൂന്യവേളയിൽ സഭയിൽ എത്തിയപ്പോൾ റൂൾ 50 പ്രകാരമുള്ള നോട്ടീസ് പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവിനെക്കുറിച്ച് മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രിയും നടത്തിയ പരാമർശങ്ങൾ ശരിയല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
’മുഖ്യമന്ത്രി പറയുന്നത് പ്രതിപക്ഷനേതാവ് നിലവാരമില്ലാത്ത ആളാണെന്നാണ്. എന്നാൽ ദൈവവിശ്വാസിയായ താൻ എല്ലാ ദിവസവും പ്രാർഥിക്കുന്നത് മുഖ്യമന്ത്രിയെപ്പോലെ അഴിമതിക്കാരനും നിലവാരമില്ലാത്തവനുമാകരുതേ എന്നാണെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. ഇതോടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങൾ ആരംഭിച്ചു.
പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിയുമായി സ്പീക്കറുടെ ഡയസിനു മുന്നിലെത്തി. സ്പീക്കർ സഭാ നടപടികളുമായി മുന്നോട്ടുപോയതോടെ സ്പീക്കറെ മറച്ച് പ്രതിപക്ഷം ബാനർ ഉയർത്തി.
ഇതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി ബാനർ നീക്കാൻ ആവശ്യപ്പെടണമെന്നു സ്പീക്കറോട് പറഞ്ഞു. മുഖം മറച്ച് ബാനർ പിടിക്കരുതെന്നും മാറ്റണമെന്നും സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.
ശൂന്യവേള വേഗത്തിൽ പൂർത്തിയാക്കി ബിൽ പരിഗണനയ്ക്ക് എടുക്കുന്നുവെന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷ പ്രതിഷേധം കൂടുതൽ ശക്തമാക്കി. ഭരണപക്ഷത്തുനിന്നു മന്ത്രിമാർ ഉൾപ്പെടെയുള്ളവർ സീറ്റിൽ നിന്നും എഴുന്നേറ്റു. പിൻനിരയിൽനിന്നുള്ള അംഗങ്ങൾ മുന്നിലേക്ക് എത്തി പ്രതിപക്ഷവുമായി വാക്കേറ്റം നടത്തി.
സ്പീക്കറുടെ ഡയസിനു മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ അംഗങ്ങളിൽ ഡോ. മാത്യു കുഴൽനാടൻ, അൻവർ സാദത്ത് ഉൾപ്പെടെയുള്ളവർ സ്പീക്കറുടെ കസേരയ്ക്കടുത്തേക്ക് എത്തി. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്കു കയറിയതോടെ വാച്ച് ആൻഡ് വാർഡ് രംഗത്തെത്തി.
ഇവരെ മറികടക്കാൻ ശ്രമിച്ച ഡോ. മാത്യു കുഴൽനാടനുമായും ഐ.സി. ബാലകൃഷ്ണനുമായും വാച്ച് ആൻഡ് വാർഡ് ബലപ്രയോഗം നടത്തി. പ്രതിഷേധം കൂടുതൽ രൂക്ഷമായതോടെ സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 10.39 ന് സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു.
"ആർഎസ്എസ് അജൻഡ പി.വിയുടെ സ്ക്രിപ്റ്റ്' ബാനറുമായി പ്രതിപക്ഷം
തിരുവനന്തപുരം: ആർഎസ്എസ് അജൻഡ -പി.വി സ്ക്രിപ്റ്റ് എന്ന ബാനറുമായി പ്രതിപക്ഷം നിയമസഭയിൽ. ശൂന്യവേളയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ ഈ ബാനർ സ്പീക്കറുടെ ഡയസിനു മുന്നിൽ ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും സഭാ നടപടികളുമായി മുന്നോട്ടുപോയതോടെ സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ ബാനർ ഉയർത്തിപ്പിടിച്ചു. ഇതോടെ മുഖ്യമന്ത്രിയും പ്രതികരിച്ചു. ഈ നില സ്വീകരിക്കാൻ പറ്റില്ലെന്നും സ്പീക്കറുടെ മുഖം മറച്ച നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവൻകുട്ടിയെ തടഞ്ഞ് പിണറായി
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള രൂക്ഷമായ പോർവിളിയിലും കൈയാങ്കളിയുടെ വക്കോളവുമെത്തി.
ശൂന്യവേളയിൽ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സർക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചു. ഇതോടെ ഭരണപക്ഷത്തെ പിൻനിരയിൽനിന്നുള്ളവർ എഴുന്നേറ്റ് മന്ത്രിമാരുടെ ഇരിപ്പിടങ്ങളുടെ വശത്തെത്തി. മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രിയുടെ അടുത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് ശിവൻകുട്ടി സമീപത്തേക്കെത്തിയത്. ശിവൻകുട്ടിയുടെ കൈയിൽ തട്ടി പിന്നിലേക്ക് മാറാൻ മുഖ്യമന്ത്രി നിർദേശിച്ചു.