നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് അൻവർ
Saturday, October 5, 2024 6:12 AM IST
നിലമ്പൂര്‍: നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാന്‍ ഒരുക്കമല്ലെന്ന്പി.വി. അന്‍വര്‍ എംഎല്‍എ. താന്‍ പ്രതിപക്ഷത്തിന്റെ ഭാഗമല്ലെന്നും തന്നെ ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കില്‍ സ്വതന്ത്ര ബ്ലോക്കാക്കി അനുവദിക്കേണ്ടി വരുമെന്നും അന്‍വര്‍ എടവണ്ണ ഒതായില്‍ മാധ്യമങ്ങളോടു പറഞ്ഞു.
തന്നെ ഭരണപക്ഷത്തുനിന്നു പ്രതിപക്ഷത്തേക്ക് മാറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനുതന്നെയെന്നു പറഞ്ഞ അന്‍വര്‍, തന്നെ പ്രതിപക്ഷമാക്കാനുള്ള വ്യഗ്രത സിപിഎമ്മിനുണ്ടെങ്കില്‍ നമുക്ക് നോക്കാം എന്നും പറഞ്ഞു. നിയമസഭയിൽ എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ചു വേണ്ടതു ചെയ്യുമെന്നും വേറെ സീറ്റ് വേണമെന്ന് സ്പീക്കര്‍ക്കു കത്തു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
“നിയമസഭയില്‍ നിലത്ത് തറയിലും ഇരിക്കാമല്ലോ? നല്ല കാര്‍പ്പറ്റാണ്. തോര്‍ത്തുമുണ്ട് കൊണ്ടുപോയാല്‍ മതി. തറയില്‍ ഇരിക്കാനും ഞാന്‍ തയാറാണ്. ഞങ്ങളുടെ വോട്ടുവാങ്ങി ജയിച്ചു എന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞത്. ആ സ്ഥിതിക്ക് കസേരയില്‍ ഇരിക്കാന്‍ എനിക്ക് യോഗ്യത ഉണ്ടാകില്ല. കുറച്ച് വോട്ട് എന്റെയും ഉണ്ടല്ലോ. എന്റെ വോട്ടിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ തറയില്‍ മുണ്ടുവിരിച്ച് ഇരിക്കാനുള്ള യോഗ്യതയല്ലേ എനിക്കുള്ളൂ. അങ്ങനെ ഇരുന്നുകൊള്ളാം”- പി.വി. അന്‍വര്‍ പറഞ്ഞു.
പി. ശശി വക്കീല്‍ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹത്തിന്റെ വക്കീല്‍ നോട്ടീസ് കിട്ടിയിട്ടില്ലെന്നും നോട്ടീസ് കിട്ടിയാല്‍ മറുപടി കൊടുക്കാമെന്നും പറഞ്ഞു. താന്‍ കൊടുത്ത പരാതി പാര്‍ട്ടിക്കാണ്. അത് പൊട്ടിച്ചു നോക്കിയിട്ടുണ്ടോ എന്നറിയില്ല. പൊട്ടിച്ചു നോക്കിയിട്ടുണ്ടെങ്കില്‍ പരാതിയില്‍ കഴമ്പില്ല എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയില്ലായിരുന്നുവെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി.
തനിക്കെതിരേ കേസുകള്‍ വന്നുകൊണ്ടേയിരിക്കുമെന്ന് പറഞ്ഞ പി.വി. അന്‍വര്‍ സംസ്ഥാനത്താകെ കേസ് കൊടുക്കാന്‍ വളരെ വിദഗ്ധരുമായി സംസാരിച്ച് ആളുകളെ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും ഏറ്റവും ചുരുങ്ങിയത് നൂറ് കേസുകളെങ്കിലം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. എല്‍എല്‍ബി ചെയ്യാന്‍ പറ്റുമോ എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. സ്വന്തമായി വാദിക്കാമല്ലോ! വക്കീലിനെ തിരഞ്ഞ് നടക്കണ്ടല്ലോ. ആ ഒരാലോചന കൂടി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍നിന്ന് ഒരു സിപിഎം നേതാവിന്റെ പിന്തുണ തനിക്കുണ്ടെന്നും അന്‍വര്‍ പറഞ്ഞു. തന്നോട് ഏതു രീതിയില്‍ പെരുമാറുന്നോ അതേപോലെ തന്നെയാകും തിരിച്ചുള്ള തന്റെ പെരുമാറ്റമെന്നും അന്‍വര്‍ പറഞ്ഞു.
രഹസ്യം പരസ്യമാക്കി: അന്‍വറിനെതിരേ കേസ്
മഞ്ചേരി: തീവ്രവാദ വിരുദ്ധ സേന (എടിഎസ്)യുടെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന് പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരേ മഞ്ചേരി പോലീസ് കേസെടുത്തു.
തണ്ടര്‍ ബോള്‍ട്ടിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ അരീക്കോട്ടെ ക്യാമ്പില്‍ അത്യാധുനിക സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നു. ദേശവിരുദ്ധരുടെ ഫോണുകളും അനുബന്ധ രഹസ്യ കൈമാറ്റങ്ങളും നിരീക്ഷിക്കുന്നതിനുവേണ്ടിയാണിത്.
അതീവ രഹസ്യമായാണ് ഇതിന്റെ പ്രവര്‍ത്തനം. സെപ്റ്റംബര്‍ ഒമ്പതിനു മഞ്ചേരി മാലാംകുളത്തുള്ള പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലെ മെട്രോ വില്ലേജില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് രഹസ്യരേഖകള്‍ പ്രദര്‍ശിപ്പിച്ചതും പോലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ചുമതലകളുംവരെ പുറത്തുവിട്ടത്.
കേരള പോലീസിന്റെ പ്രത്യേക സേനാവിഭാഗമായ സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പിന്റെ (എസ്ഒജി) പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള ജോലി ചെയ്തു വരുന്ന അഞ്ച് സേനാംഗങ്ങളുടെ പേര് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും സേനാവിഭാഗത്തിന്റെ ഔദ്യോഗിക രേഖകളും രാജ്യത്തിന്റെ പരമാധികാരത്തിനും ദേശസുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തില്‍ പരസ്യപ്പെടുത്തിയെന്നാണ് കേസ്.
ഔദ്യോഗിക സുരക്ഷാ നിയമം, ഐടി ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവയിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അരീക്കോട് എസ്ഒജി സൂപ്രണ്ട് ടി. ഫര്‍ഹാസ് മലപ്പുറം ജില്ലാ പോലീസിനു നല്കിയ പരാതിയിലാണ് കേസ്.
സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രി പറയുന്നത് സംഘപരിവാർ അജൻഡയെന്ന് വി.ഡി. സതീശൻ
കണ്ണൂര്‍: സെപ്റ്റംബർ 13ന് ഡൽഹിയിൽ മാധ്യമങ്ങൾക്കു നൽകിയ സ്വർണക്കള്ളക്കടത്ത് കണക്കും 21ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ മൂന്നു വർഷത്തെ കള്ളക്കടത്ത് കണക്കുകളും 29ന് ഹിന്ദു പത്രത്തിൽ നൽകിയ ഇന്റർവ്യുവിലെ കണക്കുകളും ഒരേ കേന്ദ്രത്തിൽനിന്നു തയാറാക്കിയ സംഘപരിവാർ അജൻഡയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സ്വര്‍ണക്കള്ളക്കടത്തിനു രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്കുന്നതു മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മുമാണെന്നതു പ്രതിപക്ഷം നേരത്തേതന്നെ പറഞ്ഞതാണ്. ഇപ്പോൾ ഭരണകക്ഷിക്കൊപ്പം നിന്ന എംഎൽഎതന്നെ ഇക്കാര്യം തുറന്നടിച്ചിരിക്കുകയാണെന്നും വി.ഡി. സതീശൻ കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡോ. എം.കെ. മുനീർ ഉൾപ്പെടെയുള്ളവരെ സ്വർണക്കള്ളക്കടത്ത് കണ്ണിയാണെന്നു വരുത്തിത്തീ ർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടത്തുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.