പിആർ വിവാദം നിഷേധിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി, ചിരിച്ചുതള്ളി
Friday, October 4, 2024 5:48 AM IST
തിരുവനന്തപുരം: സർക്കാരോ താനോ ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി ഒരു പൈസയും ചെലവഴിച്ചിട്ടുമില്ല.
ദ ഹിന്ദു ദിനപത്രം ആവശ്യപ്പെട്ടിട്ടാണ് അഭിമുഖം കൊടുത്തതെന്നു പറഞ്ഞ മുഖ്യമന്ത്രി, ഹിന്ദുവിന് അഭിമുഖം വേണമെന്നു തന്നോട് ആവശ്യപ്പെട്ടത് മുൻ സിപിഎം എംഎൽഎ ടി.കെ. ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നു പറഞ്ഞു. അഭിമുഖം നടക്കുന്നതിനിടെ മറ്റൊരാൾകൂടി മുറിയിലേക്കു കയറിവന്നെന്നും അതു പിആർ ഏജൻസിയുടെ ആളായിരുന്നു എന്നറിയില്ലായിരുന്നു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അഭിമുഖം വൻ വിവാദമായതിനു പിന്നാലെ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ചെറുപ്പം മുതലേ രാഷ്ട്രീയമായി കൂടെ നില്ക്കുന്ന വ്യക്തിയാണ് ദേവകുമാറിന്റെ മകൻ. അഭിമുഖത്തിനായി ഹിന്ദുവിന്റെ ലേഖികയും ദേവകുമാറിന്റെ മകനുമാണ് എത്തിയത്. ലേഖിക ഒറ്റപ്പാലംകാരിയാണെന്നും ഇതിനു മുന്പും മുഖ്യമന്ത്രിയെ ഇന്റർവ്യു ചെയതിട്ടുള്ള ആളാണെന്നും പറഞ്ഞു.
അഭിമുഖത്തിൽ അൻവറുമായി ബന്ധപ്പെട്ട ചോദ്യം ലേഖിക ഉന്നയിച്ചപ്പോൾ ഇക്കാര്യം കേരളത്തിൽ മുന്പു വിശദമായി മറുപടി നല്കിയതാണെന്നും വീണ്ടും ആവർത്തിക്കുന്നില്ലെന്നും അറിയിച്ചു. എന്നാൽ അഭിമുഖം അച്ചടിച്ചു വന്നപ്പോൾ അതിൽ താൻ പറയാത്ത ഭാഗമുണ്ടായി.
ഏതെങ്കിലും ഒരു ജില്ലയെയോ ഏതെങ്കിലും വിഭാഗത്തെയോ വിമർശിക്കുന്ന നിലപാട് തന്റെ ഭാഗത്തുനിന്ന് ഒരുകാലത്തും ഉണ്ടായിട്ടില്ല. അത്തരമൊരു സമീപനം തനിക്കില്ല. പക്ഷേ ഇവർക്ക് ഇപ്പറഞ്ഞ കാര്യങ്ങൾ തന്റേതായി എങ്ങനെ പത്രത്തിൽ കൊടുക്കാൻ കഴിഞ്ഞുവെന്നതു മനസിലാകുന്നില്ല. താൻ പറയാത്ത കാര്യം പ്രസിദ്ധീകരിച്ചതിൽ ഹിന്ദു മാന്യമായി ഖേദം രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഭിമുഖത്തിനിടെ മൂന്നാമതായി കയറിവന്ന ആൾ മാധ്യമപ്രവർത്തകയ്ക്കൊപ്പമെത്തിയ ആളാണെന്നാണു കരുതിയത്. ഏതോ ഏജൻസിയുടെ ആളാണെന്ന് അറിയുന്നതു പിന്നെയാണ്. പിആർ ഏജൻസിയായ കൈസണെ അറിയില്ല. അഭിമുഖം വിവാദമായതിനു ശേഷം ഇതുവരെ ദേവകുമാറിന്റെ മകൻ ബന്ധപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുമായി ഒരു മാധ്യമം അഭിമുഖം നടത്തുന്പോൾ അവിടേക്ക് മറ്റൊരാൾ അനുമതിയില്ലാതെ കടന്നു വരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ചെറുചിരിയായിരുന്നു.
വൻ പ്രത്യാഘാതം ഉണ്ടാക്കാവുന്ന ചില വിവരങ്ങൾ പ്രസിദ്ധീകരിച്ച ഹിന്ദുവിനും ഇത് എത്തിച്ചു നല്കിയ പിആർ ഏജൻസിക്കുമെതിരേ കേസ് ഫയൽ ചെയ്യുമോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്കിയില്ല. മാധ്യമങ്ങൾ എത്ര ഡാമേജ് ഉണ്ടക്കാൻ ശ്രമിച്ചാലും തകരുന്ന പ്രതിച്ഛായ അല്ല തന്റേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.