അൻവറിന്റെ ആരോപണങ്ങളെ അവജ്ഞയോടെ തള്ളുന്നു: മുഖ്യമന്ത്രി
Friday, October 4, 2024 5:18 AM IST
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.വി. അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ ഉയർത്തിയ ആരോപണങ്ങൾ അൻവറിന്റെ ശീലത്തിൽപ്പെട്ട കാര്യങ്ങളാണെന്നും തന്റെ ഓഫീസിലുള്ളവർ സംശയനിഴലിലല്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
അൻവറിന് ബിസിനസ് പരമായ പല ഇടപാടുകളും കാണും. അതിന്റെ ഭാഗമായി ഒത്തു തീർപ്പുകളും കൂട്ടുകെട്ടുകളും കാണും. തനിക്കെതിരേ ഉന്നയിക്കുന്ന ആക്ഷേപങ്ങളിൽ പ്രകോപിതനായി ഇപ്പോൾ മറുപടി പറാനില്ല. അൻവർ തുടങ്ങിയപ്പോൾത്തന്നെ എങ്ങോട്ടു പോകുമെന്ന ധാരണയുണ്ടായിരുന്നു. അപ്പോഴും അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കൃത്യമായ അന്വേഷണത്തിന് സംവിധാനമൊരുക്കി.
അന്വേഷണം ഫലപ്രദമായി നടക്കുന്നതിനിടെ സിപിഎമ്മിൽ നിന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽനിന്നും അദ്ദേഹം വിട്ടുപോയി. തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റുമോയെന്നുള്ള ശ്രമവും നടന്നു. എല്ലാക്കാലത്തും വർഗീയതയ്ക്കെതിരായ സിപിഎമ്മിന്റെ ഉറച്ച നിലപാടിൽ അമർഷമുള്ളവർ ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയശക്തികളാണ്.
തങ്ങൾക്കൊപ്പം അണിനിരക്കുന്നവരെ പിന്തിരിപ്പിക്കാൻ തങ്ങളെ ഇതിൽ ഒരു വർഗീയതയുടെ ഭാഗമാക്കുകയെന്നതാണ് ഇവർ ചെയ്യുന്നത്. ഇതിൽ ചിലർ അങ്ങനെ നടത്തുന്ന പ്രചരണത്തിനൊപ്പം അൻവറും ചേർന്നു എന്നതാണ് മനസിലാകുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകളെന്നത് ശരിയായ വസ്തുതയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.