എൻസിപിയിലെ മന്ത്രിസ്ഥാന തർക്കം; ശശീന്ദ്രൻ ഒഴിയും; തോമസ് കെ. തോമസ് മന്ത്രിയാകും
Saturday, September 21, 2024 3:23 AM IST
തിരുവനന്തപുരം: എൻസിപിയിൽ മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനു പരിഹാരമായി. എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. പകരം പാർട്ടിയിലെ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് മന്ത്രിയാകും. അടുത്ത ദിവസങ്ങളിൽതന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കഴിഞ്ഞദിവസം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ സംസ്ഥാനത്തെ പാർട്ടി നേതാക്കളെ മുംബൈയിലേക്കു വിളിപ്പിച്ചിരുന്നു. ഈ ചർച്ചയിലാണ് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന തീരുമാനമുണ്ടായത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയും പവാറിന്റെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു.
പാർട്ടി തീരുമാനം പി.സി.ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനെയും അറിയിക്കും.
ഇതിനിടെ, മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി തീരുമാനം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചതായാണു വിവരം. എൻസിപിയിൽ ഭൂരിപക്ഷം നേതാക്കളും ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന അഭിപ്രായക്കാരായിരുന്നു. ജില്ലാ ഘടകങ്ങളിൽ തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യം ശശീന്ദ്രനൊപ്പം നിന്ന പി.സി. ചാക്കോ പിന്നീട് തോമസ് കെ. തോമസിനൊപ്പം നിന്നത്.
വനംവകുപ്പ് സിപിഎം ഏറ്റെടുത്തേക്കും
എം. ജയതിലകന്‍
കോഴിക്കോട്: മന്ത്രി എ.കെ. ശശീന്ദ്രന് രാജിവച്ചാല്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന വനംവകുപ്പ് സിപിഎം ഏറ്റെടുത്തേക്കും. മന്ത്രിസഭയില്‍ പുതുമുഖമായി എത്തുന്ന തോമസ് കെ. തോമസിന് അപ്രധാന വകുപ്പായിരിക്കും ലഭിക്കുക.
ശശീന്ദ്രന് മന്ത്രിപദവി ഒഴിയണമെന്ന് എന്‍സിപി നേതൃത്വം തീരുമാനിച്ചിട്ടുണ്ടെങ്കിലും വനംവകുപ്പ് സിപിഎം പിടിച്ചെടുക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. വനംവകുപ്പ് വിട്ടുകൊടുത്താല്‍ അടുത്ത മന്ത്രിസഭയില്‍ ഇത്തരം വകുപ്പ് ലഭിക്കുന്നതിനുള്ള അര്‍ഹത പാര്‍ട്ടിക്കു നഷ്ടപ്പെടുമെന്ന ചിന്തയും നേതൃത്വത്തെ അലട്ടുന്നു. മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകളെല്ലാം ഘടകകക്ഷികളില്‍നിന്നു സ്വന്തമാക്കുന്ന രീതിയാണു സിപിഎം പിന്തുടരുന്നത്.
പിണറായി വിജയന്റെ ആദ്യസർക്കാരില്‍ വനംവകുപ്പ് കൈകാര്യം ചെയ്തിരുന്നത് സിപിഐയിലെ കെ. രാജുവായിരുന്നു. അതിനുമുമ്പ് ഇപ്പോഴത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വനംവകുപ്പ് മന്ത്രിയായിരുന്നു. എന്നാല്‍, രണ്ടാം പിണറായി സർക്കാരിൽ വനംവകുപ്പ് സിപിഐയില്‍നിന്നു പിടിച്ചെടുത്ത് എന്‍സിപിക്കു നല്കി.
എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കുകയും ചെയ്തു. അടുത്ത കാലത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ പ്രധാനപ്പെട്ട വകുപ്പ് സിപിഎം ഏറ്റെടുത്തത് ശ്രദ്ധേയമാണ്. അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയായിരുന്നപ്പോള്‍ തുറമുഖം, രജിസ്ട്രേഷന്, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നതാണ്.
ഇടതുമുന്നണിയിലെ ധാരണപ്രകാരമുള്ള രണ്ടര വര്‍ഷം കഴിഞ്ഞ് ദേവര്‍കോവില്‍ സ്ഥാനം രാജിവച്ചപ്പോള്‍ പകരം കോണ്‍ഗ്രസ് -എസിലെ രാമചന്ദ്രന് കടന്നപ്പള്ളിയെ മന്ത്രിയാക്കി. എന്നാല്‍, അഹമ്മദ് ദേവര്‍കോവില്‍ കൈകാര്യം ചെയ്ത വകുപ്പുകളില്‍നിന്നു തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്ത് വി.എന്‍. വാസവനു നല്കി. ശശീന്ദ്രന് രാജിവച്ചാല്‍ ഇതാവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍സിപി മുന്‍കൂട്ടി കാണുന്നുണ്ട്.