കർഷക സുരക്ഷയ്ക്കുവേണ്ടി ഏതറ്റം വരെയും പോകും: മാർ ജോസ് പുളിക്കൽ
Thursday, September 19, 2024 1:28 AM IST
പാറത്തോട് (കാഞ്ഞിരപ്പള്ളി): കര്‍ഷക സുരക്ഷയ്ക്കുവേണ്ടി ഇന്‍ഫാം ഏതറ്റം വരെയും പോകുമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍.
ഇഎസ്എ പരിധിയില്‍നിന്ന് ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രശ്നബാധിത മേഖലകളിലെ എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തി ഇന്‍ഫാം സംഘടിപ്പിച്ച ഇഎസ്എ വിടുതല്‍ സന്ധ്യയിൽ സമാപന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
ഇന്‍ഫാം ഉന്നയിച്ച വിഷയങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒരേ മനസോടെ ഒറ്റ നിലപാടാണ് ജനപ്രതിനിധികള്‍ സ്വീകരിക്കുന്നതെന്നത് സന്തോഷകരമാണ്.
കേരളത്തിന്റെ വൃക്ഷാവരണം ദേശീയ ശരാശരിയേക്കാള്‍ വലുതായിട്ടും വനവിസ്തൃതി വര്‍ധിപ്പിക്കണമെന്ന സിദ്ധാന്തവുമായിട്ടാണ് വനംവകുപ്പ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായ രീതിയില്‍ അതിജീവിക്കാന്‍ കഴിയണമെന്നാണ് ജനപ്രതിനിധികളോട് പറയാനുള്ളത്.
ഇഎസ്എ വിഷയത്തില്‍ സര്‍ക്കാര്‍ കൊടുത്ത പ്രൊപ്പോസല്‍ പുറത്തുവിടണമെന്നും തങ്ങളുടെ പ്രദേശങ്ങള്‍ ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
യോഗത്തില്‍ ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ വാഴൂര്‍ സോമന്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രശ്നത്തില്‍ കര്ഷകര്ക്ക്നുകൂലമായ നിലപാടുകള്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ സ്വീകരിക്കുമെന്ന് ജനപ്രതിനിധികള്‍ ഉറപ്പു നല്കി.
പരിസ്ഥിതി ദുര്‍ബല പ്രദേശ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും ഏലമലക്കാടുകള്‍ പൂര്‍ണമായും വനഭൂമിയാക്കാനുള്ള വനംവകുപ്പിന്റെ നീക്കം തടഞ്ഞ് റവന്യുഭൂമിയായി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയിലെ പ്രശ്നബാധിത മേഖലയിലെ കര്‍ഷകര്‍ ഒപ്പിട്ട ഭീമഹര്‍ജി ജനപ്രതിനിധികള്‍ക്ക് കൈമാറി.
യോഗത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍ നന്ദിയും പറഞ്ഞു. ഇന്‍ഫാമിന്റെ ദേശീയ, സംസ്ഥാന, ജില്ലാ, താലൂക്ക് ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.
കര്‍ഷകപക്ഷം ചേര്‍ന്ന് ജനപ്രതിനിധികള്‍ ഇന്ഫാമിനൊപ്പം ഡോ. എന്‍. ജയരാജ്
എംഎൽഎ
മാറി മാറി വന്ന കേരള സര്‍ക്കാരുകള്‍ രാഷ്ട്രീയത്തിനപ്പുറം ഇഎസ്എ വിഷയത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് പറഞ്ഞു. വിഷയത്തില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തി മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചിട്ടുണ്ട്. പൂര്‍ണമായും വനാതിര്‍ത്തിക്കുള്ളില്‍ ഇഎസ്എ മേഖല നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുകൂട്ടിച്ചേര്‍ത്തു.
ആന്റോ ആന്റണി എംപി
ആധികാരികമായ ചര്‍ച്ച വരുന്ന സമയത്ത് ജണ്ടയിട്ട സ്ഥലം മാത്രം പരിസ്ഥിതി ലോലം എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നതാണ് നല്ലതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ഒരിഞ്ചു ഭൂമി പോലും വനത്തിനു പുറത്തേക്ക് ഇറക്കരുത് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കണം.
ഒരു കാരണവശാലും ഏലമലക്കാടുകള്‍ വനംവകുപ്പിന്റെ കീഴിലേക്ക് വിട്ടുകൊടുക്കുവാന്‍ പാടില്ല. കാരണം ഏലമലക്കാടുകള്ക്കുള്ള പട്ടയം കൊടുത്തിരിക്കുന്നത് റവന്യു വകുപ്പാണ്. അത് ഏക വകുപ്പിന്റെ കീഴിലാണെങ്കില്‍ റവന്യു വകുപ്പില്‍ തന്നെ നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോസ് കെ. മാണി എംപി
കേന്ദ്രം ലക്ഷ്യമിടുന്നത് അഞ്ചു വര്‍ഷത്തിനുശേഷം വനത്തിന്റെ പരിധി 33 ശതമാനം ആക്കണമെന്നാണ്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ തന്നെ ഫോറസ്റ്റ് കവറേജ് 54 ശതമാനം ഉണ്ട്.
പലപ്പോഴും വനം വകുപ്പ് കര്‍ഷകര്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. വനവിസ്തൃതി വര്‍ധിപ്പിക്കുക എന്നതും അതിനുള്ള സാധ്യത എന്താണെന്നുമുള്ളതാണ് അവരെ സംബന്ധിച്ച പ്രശ്നം. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ എടുക്കേണ്ടത്.
ഫ്രാന്‍സിസ് ജോര്‍ജ് എംപി
വന്യമൃഗങ്ങള്‍ പെരുകുമ്പോള്‍ അതിനെ വേട്ടയാടാന്‍ വിദേശരാജ്യങ്ങളില്‍ അനുമതി നല്‍കാറുണ്ട്. കണക്കില്‍ കവിഞ്ഞ് വന്യമൃഗങ്ങള്‍ പെരുകുമ്പോള്‍ അതിനെ നിര്‍മാര്‍ജനം ചെയ്യുക മാത്രമാണ് മാര്‍ഗം. ഈ രീതിയിലേക്ക് നമ്മുടെ നാടും മാറണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടില്‍ നിയമഭേഗതി വരുത്തണം.
ബഫര്‍ സോണ്‍ വനത്തിനു പുറത്തേക്ക് ഒരു കിലോമീറ്റര്‍ എന്നത് മാറ്റി വനത്തിനുള്ളിലേക്ക് ആക്കണം. ജണ്ടയിട്ട ഭൂമിയില്‍നിന്ന് പുറത്തേക്ക് ഒരു കിലോമീറ്റര്‍ ഇറക്കിയാല്‍ കാലക്രമേണ അത് വനഭൂമിയായി മാറും. വന്യമൃഗങ്ങള്‍ പുറത്തേക്കെത്തും.
വീണ്ടും ബഫര്‍സോണ്‍ വര്‍ധിപ്പിക്കേണ്ടി വരും. വനത്തിനുള്ളിലേക്കുള്ള ഒരു കിലോമീറ്റര്‍ ബഫര്‍സോണില്‍ ഏതുതരം സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഓരോ മേഖലയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തീരുമാനിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനെക്കൊണ്ട് ഒരു തീരുമാനമെടുപ്പിക്കുന്നതിന് ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എംപി
ഇഎസ്എ പ്രശ്നവും ഏലമലക്കാടുകളുടെ പ്രശ്നവും വന്യജീവി വിഷയവും ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇടുക്കി ജില്ലയെയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടണം.
ഫോറസ്റ്റ് ലാന്ഡിന്റെയും നോണ്‍ ഫോറസ്റ്റ് ലാന്ഡിന്റെയും ജിയോ കോര്‍ഡിനേറ്റ് എടുക്കണം. ഇതില്‍ ജനവാസ മേഖല ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വളരെയെളുപ്പം സഞ്ജയ് കുമാര്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്താന്‍ കഴിയും. എന്നാല്‍ 10 വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
വാഴൂര്‍ സോമന് എംഎൽഎ
ഏലമലക്കാടുകള്‍ റവന്യു ഭൂമി തന്നെയാണെന്നും അക്കാര്യത്തില്‍ യാതൊരു ആശങ്കയ്ക്കും വകയില്ലെന്നും വാഴൂര്‍ സോമന് എഎല്‍എ പറഞ്ഞു. മരം സംരക്ഷിക്കാനാണ് വനം വകുപ്പിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
കാട്ടില്‍ നിന്നിറങ്ങി നാട്ടില്‍ വരുന്ന പന്നികളെ വെടിവച്ച് കൊല്ലാനും അതിന്റെ ഇറച്ചി നിശ്ചിത വില നല്കി വില്ലേജ് ഓഫീസോ, ഫോറസ്റ്റ് ഓഫീസോ പോലുള്ള സ്ഥലങ്ങളിലൂടെ ലഭ്യമാക്കാനും നടപടിയുണ്ടാകണം
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎ
ജനവാസമേഖലകള്‍ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നുള്ളതാണ് എല്ലാവരുടെയും നിലപാട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകും
. അതിനായി ചര്‍ച്ചകളും അഭിപ്രായ രൂപീകരണങ്ങളും നടന്നുവരികയാണ്. കര്‍ഷകരാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്. ഇവര്‍ ഒരുതരത്തിലും ഭൂമിയെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ നടത്തുന്നവരല്ല. ഇത് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സാധിക്കണം.