വയനാട് പ്രളയ ദുരിതാശ്വാസം: കണക്കുകളിൽ വൈരുധ്യം
Tuesday, September 17, 2024 1:49 AM IST
കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ 2.77 കോടി രൂപ (ഒരു മൃതദേഹത്തിന് 75,000 രൂപയെന്ന നിലയില്‍) ചെലവ് കണക്കാക്കി കേരള സർക്കാർ.
രക്ഷാപ്രവര്‍ത്തകരുടെ ഭക്ഷണത്തിനും താമസത്തിനും യാത്രയ്ക്കുമായി 6.5 കോടിയും ആളുകളെ ഒഴിപ്പിക്കാനുള്ള വാഹനങ്ങള്‍ക്ക് 12 കോടിയുമാണു കണക്കാക്കിയിരിക്കുന്നത്. സർക്കാർ ഹൈക്കോടതിയില്‍ നല്കിയ വിശദീകരണത്തിൽ രക്ഷാപ്രവര്‍ത്തനത്തിനുൾപ്പെടെ 1,202 കോടി രൂപയുടെ ചെലവ് പറയുന്നു.
വ്യോമസേനയുടെ എയര്‍ ലിഫ്റ്റിംഗ് ദൗത്യത്തിനു ഭാവിയില്‍ പണം നല്‍കേണ്ടിവരുമെന്ന പരാമര്‍ശത്തോടെ 17 കോടി ചെലവ് കണക്കാക്കി.
സൈന്യം പണിത ബെയ്ലി പാലത്തിനും ഒരു കോടി ചെലവെഴുതി. അതേസമയം, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14.36 കോടിയും പരിക്കേറ്റ 300 ലധികം പേര്‍ക്കായി 17.5 കോടിയും ഉപജീവന സഹായത്തിന് 14 കോടിയും മാത്രമാണുള്ളത്.
മഴക്കോട്ട്, കുട, ഗം ബൂട്ട്, ടോര്‍ച്ച് എന്നിവയ്ക്ക് 2.98 കോടി, ജനറേറ്ററുകള്‍ക്ക് ഏഴു കോടി, ഡ്രോണുകള്‍ക്ക് മൂന്നു കോടി, മണ്ണുമാന്തികള്‍ക്ക് 15 കോടി സര്‍ക്കാര്‍ വോളണ്ടിയര്‍മാരുടെ ആരോഗ്യസുരക്ഷയ്ക്ക് 2.02 കോടി എന്നിങ്ങനെയാണ് വിശദീകര ണത്തിലുള്ളത്. സേനയും വോളന്റിയര്‍മാരുമടക്കം രക്ഷാപ്രവര്‍ത്തകര്‍-5000, തകര്‍ന്ന വീടുകള്‍ -2007, ക്യാമ്പുകളിലെത്തിയത് -4102 പേര് എന്നിങ്ങനെയാണ് കണക്ക്.
കൃഷി, മൃഗസംരക്ഷണ നഷ്ടപരിഹാരം-297 കോടി, വീട് പുനര്‍നിര്‍മാണം -250 കോടി, സര്‍ക്കാര്‍ സ്വത്തുനഷ്ടം 56 കോടി, ടൂറിസം നഷ്ടം -50 കോടി, തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം -47 കോടി, ഭൂമി പുനരുദ്ധാരണം-36 കോടി, താല്‍ക്കാലിക ക്യാമ്പുകള്‍-34 കോടി, സ്കൂള്‍ പുനരുദ്ധാരണം-18 കോടി, വൈദ്യുതി പുനഃസ്ഥാപിക്കല്‍ -14 കോടി, വെള്ളക്കെട്ട് നിവാരണം -3 കോടി എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.