മലയാളിയുടെ ഓണസമ്മാനങ്ങളിലുണ്ട് ബംഗാളി മിടുക്കന്റെ കരവിരുത്
Sunday, September 15, 2024 1:29 AM IST
സിജോ പൈനാടത്ത്
കൊച്ചി: പാരസ്പര്യത്തിന്റെ ഘോഷങ്ങളില്‍ മലയാളിക്കു കൈമാറാന്‍ കരവിരുതുകൊണ്ട് സമ്മാനങ്ങളുടെ വിരുന്നൊരുക്കി ബംഗാളില്‍നിന്നുള്ള മിടുക്കന്. പങ്കുവയ്ക്കലിന്റെ ഓണക്കാലത്ത് അനേകര്‍ ഇഷ്ടപ്പെട്ടു സമ്മാനിച്ചവയില്‍ മുഹമ്മദ് ആരിഫിന്റെ നിര്മിതികളുമുണ്ടായിരുന്നു.
ചിരട്ടയിലും മരത്തടിയിലുമാണ് മുഹമ്മദ് മനോഹര ശില്പങ്ങളൊരുക്കുന്നത്. ചെത്തിമിനുക്കി മിനുസപ്പെടുത്തി കലാചാരുതയുടെ കാഴ്ചവിരുന്നാക്കുന്ന ശില്പങ്ങള്ക്ക് ആവശ്യക്കാരേറെ. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാന സ്വദേശിയായ മുഹമ്മദ് ആരിഫ് പ്രതികൂല സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ വർഷങ്ങൾക്കുമുന്‍പ് വീടുവിട്ടിറങ്ങിയതാണ്.
കൊച്ചിയിലെത്തിച്ചേർന്ന അവന് അഭയവും അഴകുള്ള നിര്മിതികളൊരുക്കാന് പ്രചോദനവും അതിലൂടെ പുതിയ സ്വപ്നങ്ങളും പകര്ന്നുനല്കിയത് സലേഷ്യന്‍ വൈദികരാണ്.
രണ്ടു വര്‍ഷം മുമ്പ് റെയില്‍വെ പോലീസ് കണ്ടെത്തിയ മുഹമ്മദിനെ എറണാകുളത്തെ ശിശുക്ഷേമ സമിതിയാണ് പള്ളുരുത്തിയില്‍ സലേഷ്യന്‍ വൈദികര്‍ നേതൃത്വം നല്കുന്ന ബോസ്കോ നിലയം ഷെല്‍ട്ടര്‍ ഹോമിലെത്തിച്ചത്. എട്ടാം ക്ലാസില്‍ പഠനം മുടങ്ങിയെങ്കിലും മുഹമ്മദിന്റെയുള്ളില് മറഞ്ഞുകിടന്ന കലാപരമായ അഭിരുചികളെ തേച്ചുമിനുക്കിയെടുക്കാന്‍ ബോസ്കോനിലയത്തിലെ സന്തോഷജീവിതം നിമിത്തമായി. ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റില്‍ അവന് പ്രത്യേക പരിശീലനം നല്കി.
18 വയസ് പിന്നിട്ടപ്പോള്‍, ചിരട്ടയിലും മരത്തിലും ശില്പങ്ങള് നിര്‍മിക്കാനുള്ള മെഷീനുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാക്കി.
കളിപ്പാട്ടങ്ങള്‍, പാത്രങ്ങള്‍, കീചെയിനുകള്‍, ബോട്ടുകളുടെ മാതൃകകള്‍, അടുക്കള ഉപകരണങ്ങള്‍, കുടുക്ക, മൊബൈല്‍ ഹോള്‍ഡര്‍ എന്നിവയെല്ലാം മുഹമ്മദിന്റെ കരവിരുതില്‍ പിറന്നു.കേട്ടറിഞ്ഞവര്‍ അവന്റെ നിര്‍മിതികള്‍ സ്വന്തമാക്കാനെത്തി.
നിര്‍മിതികള്‍ക്കുള്ള രൂപകല്പനകള്ക്ക് ഇന്റര്‍നെറ്റിന്റെ സഹായം തേടും. ഷെല്‍ട്ടര്‍ ഹോമിലെ മറ്റു കുട്ടികള്‍ക്ക് കലയിലും യോഗയിലുമെല്ലാം പരിശീലനം നല്‍കാനും മുഹമ്മദ് താത്പര്യമെടുക്കുന്നുണ്ടെന്ന് ബോസ്കോനിലയം ഡയറക്ടര്‍ ഫാ. അഭിലാഷ് പാലക്കുടിയില്‍ പറയുന്നു.
മുഹമ്മദിന്റെ കലാനിര്‍മിതികള്‍ പ്രദര്‍ശിപ്പിക്കാനും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനും പ്രത്യേക സെന്റര്‍ സജ്ജമാക്കാനുള്ള തയാറെടുപ്പിലാണു സലേഷ്യന്‍ വൈദികര്‍.