എഡിജിപി അജിത്തിന്റെ മൊഴി വീണ്ടുമെടുക്കും
Saturday, September 14, 2024 3:04 AM IST
തിരുവനന്തപുരം: ആർഎസ്എസ് ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടു ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്റെ മൊഴി ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം എഡിജിപിയുടെ മൊഴി എടുത്തെങ്കിലും പി.വി. അൻവർ എഴുതിനൽകിയ പരാതിയിൽ ആർഎസ്എസ് കൂടിക്കാഴ്ച വ്യക്തമാക്കാത്ത സാഹചര്യത്തിൽ ഈ ഭാഗം ഒഴിവാക്കുകയായിരുന്നു.
കൂടിക്കാഴ്ച പരാതിയിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇത് അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ചോദ്യങ്ങൾ വ്യാഴാഴ്ചത്തെ മൊഴിയെടുപ്പിൽനിന്ന് ഒഴിവാക്കിയത്.
മൊഴിയെടുപ്പിനു പിന്നാലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബിനെ കണ്ട് പി.വി. അൻവർ എംഎൽഎ ഇക്കാര്യം പരാതിയായി ഉന്നയിച്ചതോടെയാണ് എഡിജിപി അജിത് കുമാറിന്റെ മൊഴി വീണ്ടും എടുക്കാൻ തീരുമാനിച്ചത്. വൈകാതെതന്നെ എഡിജിപിയുടെ മൊഴി രേഖപ്പെടുത്തുമെന്നാണു വിവരം.
കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ എഡിജിപിയുടെ മൊഴി സംന്ധിച്ച വിവരം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാകും ഡിജിപി തുടർ നടപടികളിലേക്കും റിപ്പോർട്ടിലേക്കും കടക്കുകയെന്നാണു വിവരം.