‘അമ്മ’യില്‍ പൊട്ടിത്തെറി; പിളര്‍ന്നേക്കും
Friday, September 13, 2024 1:23 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഭിന്നത രൂക്ഷമായ താരസംഘടന ‘അമ്മ’യില്‍ പൊട്ടിത്തെറി. ട്രേഡ് യൂണിയന് രൂപീകരണത്തിന് ഒരുവിഭാഗം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി 17 നടന്മാരും മൂന്ന് നടിമാരും ഫെഫ്കയെ സമീപിച്ചു.
അഭിനേതാക്കളുടെ യൂണിയനായി ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്യാനാണു നീക്കം. യൂണിയന് രൂപീകരണ ആവശ്യവുമായി താരങ്ങള്‍ സമീപിച്ചുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് സ്ഥിരീകരിച്ചു.
‘അമ്മ’യുടെ സ്വത്വം നിലനിര്‍ത്തി പുതിയ സംഘടനയെക്കുറിച്ചാണ് അവര്‍ ആലോചിക്കുന്നത്.ട്രേഡ് യൂണിയന് രൂപീകരിച്ചശേഷം അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചാല്‍ മാത്രം തുടര്‍നടപടികള്‍ ആലോചിക്കാമെന്ന് ഫെഫ്ക അറിയിച്ചതായും ഉണ്ണികൃഷ്ണന് വ്യക്തമാക്കി.
അതേസമയം, പുതിയൊരു സംഘടനയെ നിലവിലെ സാഹചര്യത്തില്‍ ഫെഫ്കയില്‍ ഉള്‍പ്പെടുത്തുന്നതിന് പരിമിതികളുണ്ടെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. നിലവില്‍ 21 യൂണിയനുകളാണ് ഫെഫ്കയ്ക്കു കീഴിലുള്ളത്. പുതിയൊരു യൂണിയനെ അഫിലിയേറ്റ് ചെയ്യണമെങ്കില്‍ ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം വേണം.
അഭിനേതാക്കള്‍ ട്രേഡ് യൂണിയന് രൂപീകരിച്ചശേഷം ഔദ്യോഗികമായി ഫെഫ്കയെ സമീപിച്ചാലേ ജനറല്‍ കൗണ്‍സിലില്‍ വിഷയം ചര്‍ച്ചയ്ക്ക് എത്തുകയുള്ളൂ. അല്ലെങ്കില്‍ യൂണിയന് രൂപീകരിക്കാനും ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്യാനും ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കി അംഗങ്ങളുടെ കൃത്യമായ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ നല്കി സമീപിക്കണം.
അഭിനേതാക്കള്‍ക്ക് ട്രേഡ് യൂണിയന് രൂപീകരിക്കുന്നതില്‍ ഒരുതരത്തിലുള്ള തടസങ്ങളുമില്ല. എന്നാല്‍ അതു ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്യുന്നത് ഇപ്പോള്‍ തീരുമാനിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയന് വേണമെന്ന അഭിപ്രായം നടന് മമ്മൂട്ടി വളരെ മുന്‍പേ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
‘അമ്മ’യുടെ പ്രവര്‍ത്തനരീതിയോട് ആഭിമുഖ്യമില്ലാത്തവരും തൊഴില്‍നിഷേധം അടക്കമുള്ള വിഷയങ്ങളില്‍ ഇടപെടാത്ത നിലവിലെ സംഘടനാരീതി മാറ്റണമെന്ന ആവശ്യമുള്ളവരുമാണ് പുതിയ സംഘടന രൂപീകരിക്കണമെന്ന അഭിപ്രായമുള്ളവര്‍.
അതുകൊണ്ടുതന്നെ സംഘടനയില്‍ തുടര്ന്നുകൊണ്ടാകുമോ ഇവര്‍ പുതിയ ട്രേഡ് യൂണിയന് രൂപീകരിക്കുകയെന്നത് കാത്തിരുന്നു കാണേണ്ടിവരും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെയും തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ ഭരണസമിതിയിലുണ്ടായ കൂട്ടരാജിയുടെ ഘട്ടത്തില്‍ത്തന്നെ താരസംഘടനയിലെ ഭിന്നത പ്രകടമായിരുന്നു. അഞ്ഞൂറിലധികം അഭിനേതാക്കളാണ് ‘അമ്മ’യില്‍ അംഗങ്ങളായുള്ളത്.