ആർഎസ്എസ് -എഡിജിപി ബന്ധം : കൂടിക്കാഴ്ചയിൽ അന്വേഷണമില്ല
Tuesday, September 10, 2024 1:48 AM IST
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവം അന്വേഷിക്കില്ല.
തൃശൂരിലും തിരുവനന്തപുരത്തും കോവളത്തുമായി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് തൃശൂർ പൂരം പോലീസ് കുളമാക്കിയതെന്ന ഭരണപക്ഷ എംഎൽഎ പി.വി. അൻവറിന്റെ ആരോപണത്തിലാണ് അന്വേഷണം വേണ്ടെന്ന നിർദേശമുണ്ടായത്. ഇന്നലെ സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഇക്കാര്യം നിർദേശിച്ചതായാണു സൂചന.
പി.വി. അൻവർ നിലവിൽ നൽകിയ മൊഴികളിൽ തൃശൂർ പൂരം കലക്കാൻ എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാതി ഇല്ലാത്ത സാഹചര്യത്തിൽ അന്വേഷണം വേണ്ടെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. അൻവർ ഇക്കാര്യം വീണ്ടും പരാതിയായി നൽകിയാൽ ഇക്കാര്യം അന്വേഷിക്കാമെന്നും നിർദേശിച്ചു.
ആർഎസ്എസ് ബന്ധം അന്വേഷിക്കുമെന്ന വ്യാപക പ്രചാരണമുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള അന്വേഷണവും നടക്കില്ലെന്ന് ഇതിൽനിന്നു വ്യക്തമായി. അതേസമയം, എൽഡിഎഫിൽ നിന്നടക്കം സമ്മർദം ഉയർന്നിട്ടും എം.ആർ. അജിത്കുമാറിനെതിരേ നടപടി എടുക്കണമെന്ന നിർദേശം മുഖ്യമന്ത്രിയിൽനിന്നുണ്ടായില്ല.
ഇക്കാര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചില സംശയങ്ങൾ ഉന്നയിച്ചെങ്കിലും ആവശ്യമായ സമയത്ത് അഴിച്ചുപണി നടത്താമെന്ന നിർദേശമാണു മുഖ്യമന്ത്രി നൽകിയതെന്നാണു സൂചന.
ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംസ്ഥാന പോലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് കൂടിക്കാഴ്ച നടത്തിയത്.
അതിനിടെ, കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആർഎസ്എസ് ദേശീയ നേതാവ് റാം മാധവുമായി എഡിജിപിക്കൊപ്പം കൂടിക്കാഴ്ച നടത്തിയ രണ്ട് ഉന്നതരുടെ വിവരങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ല. വൈകാതെ തന്നെ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തു വിടുമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറയുന്നത്.