വിശാഖപട്ടണം: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. സ്കോർ ഇന്ത്യ: 251/10 (49.5) ദക്ഷിണാഫ്രിക്ക് 252/7 ( 48.5). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക് ഏഴു പന്തും മൂന്നു വിക്കറ്റും കൈയിലിരിക്കെ മറികടന്നു.
രണ്ടാമത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. സ്കോർ ബോർഡിൽ ആറു റൺസ് ആയപ്പോഴേക്കും തസ്മിൻ ബ്രിട്ട്സ് പൂജ്യത്തിനു പുറത്തായി. തുടർന്ന് വന്നവർക്ക് നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ഒരു ഘട്ടത്തിൽ 81/5 എന്ന നിലയിലായിരുന്നു.
ഓപ്പണർ ലോറ വോൾവാർട്ട് (70) നടൈൻ ഡി ക്ലെർക്ക് (84) എന്നിവർ കളം നിറഞ്ഞതോടെ കളി ഇന്ത്യയുടെ കൈയിൽ നിന്നും വഴുതിപ്പോയി. ക്ലോ ട്രയൺ (49) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ക്രാന്തി ഗൗഡും സ്നേഹ് റാണയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 251 റൺസിന് എല്ലാവരും പുറത്തായി. അർധ സെഞ്ചുറി നേടിയ റിച്ച ഘോഷിന്റെ (94) ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്കെത്തിച്ചത്. 102 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ റിച്ച - അമന്‍ജോത് കൗര്‍ (13) സഖ്യമാണ് വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
ഏഴാം വിക്കറ്റിൽ ഇവരും 51 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ റിച്ചയ്ക്കൊപ്പം സ്നേഹ് റാണ ക്രീസില്‍ (33) എത്തിയതോടെ സ്കോറിന്റെ വേഗം കൂടി. ഇരുവരും 53 പന്തില്‍ 88 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ചലോ ട്രിയൻ മൂന്നും മരിസെയ്ൻ കാപ്, നദിൻ ഡി ക്ലർക്ക്, നൊൻകുലുലെകോ മബ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
Tags : southafrica win over india in womens world cup