ലാഹോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന് 93 റൺസ് ജയം. 277 റണ്‍സ് വിജയലക്ഷ്യമായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാലാം ദിനം 183 റണ്‍സിന് എല്ലാവരും പുറത്തായി. സ്കോര്‍: പാക്കിസ്ഥാന് 378, 167, ദക്ഷിണാഫ്രിക്ക 269, 183.
54 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും 45 റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ടണും മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയത്. നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ക്രീസിലെത്തിയത്.
29 റണ്‍സോടെ റിയാന്‍ റിക്കിള്‍ടണും 16 റണ്‍സോടെ ടോണി ഡി സോര്‍സിയുമായിരുന്നു ക്രീസില്‍. എന്നാല്‍ തുടക്കത്തിലെ തന്നെ ടോണി ഡി സോര്‍സിയെ ഷഹീന് അഫ്രീദി മടക്കി. പിന്നാലെ ട്രിസ്റ്റൻ സ്റ്റബ്സും (രണ്ട്) മടങ്ങിയതോടെ 55/4 എന്ന സ്കോറില്‍ ദക്ഷിണാഫ്രിക്ക പതറി.
തുടർന്ന് ബ്രെവിസും റിക്കിള്‍ടണും ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. പാക്കിസ്ഥാനുവേണ്ടി ഷഹീന് അഫ്രീദിയും നോമാന്‍ അലിയും നാലും സാജിദ് ഖാന് രണ്ടും വിക്കറ്റ് വീഴ്ത്തി.
ഇതോടെ രണ്ടു ടെസ്റ്റുകളടങ്ങിയ പരന്പരയിൽ പാക്കിസ്ഥാൻ 1 - 0 മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 20 മുതല്‍ റാവല്‍പിണ്ടിയില്‍ നടക്കും.
Tags : 1st test pakistan beat southafrica