ന്യൂഡൽഹി: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരത്തിനെതിരായ ഹർജി കോടതി പരിഗണിച്ചില്ല. ഹർജി വെള്ളിയാഴ്ച തന്നെ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ച് തള്ളി.
എന്തിനാണ് ഹർജി ഇത്രയും തിടുക്കത്തിൽ ലിസ്റ്റ് ചെയ്യുന്നതെന്ന് ജസ്റ്റീസ് ജെ.കെ. മഹേശ്വരി ചോദിച്ചു. ഞായറാഴ്ചയാണ് മത്സരം നടക്കുന്നത് അതിനാൽ അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഞായറാഴ്ചയല്ലേ മത്സരം, അതിൽ തങ്ങൾ എന്തുചെയ്യാനാണ് എന്ന് ചോദിച്ച കോടതി മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കി.
പൂനയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ കേതന് തിരോദ്കറാണ് ഇന്ത്യ-പാക്കിസ്ഥാന് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായാണ് ബിസിസിഐ മത്സരവുമായി മുന്നോട്ടുപോകുന്നതെന്നും, കാഷ്മീര്‍ താഴ്വരയില് രാജ്യത്തെ പൗരന്മാരെയും സൈനികരെയും കൂട്ടക്കൊല നടത്തിയ പാക്കിസ്ഥാനെ ക്രിക്കറ്റ് മത്സരത്തില്‍പോലും സുഹൃത്തായി കാണുന്നത് പൗരന്മാരുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ കളിക്കില്ലെന്നും എന്നാല്‍ ഐസിസിയോ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലോ നടത്തുന്ന ബഹുരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യൻ ടീമിന് പാക്കിസ്ഥാനെതിരേ കളിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ഐസിസി ടൂര്‍ണമെന്റുകളിലായാലും ഇന്ത്യ പാക്കിസ്ഥാനിലോ, പാക്കിസ്ഥാൻ ഇന്ത്യയിലോ കളിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്.
Tags : India Pakistan Asia cup Cricket