ദുബായി: ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും മത്സരത്തിനിറങ്ങുന്നത്. മികച്ച ഫോമിൽ മുന്നേറുന്ന ടീമിൽ മാറ്റമുണ്ടാകില്ല.
അതേസമയം, ഇന്ത്യയെ അട്ടിമറിച്ച് ഫൈനൽ ബർത്തുറപ്പിക്കുകയാണ് ബംഗ്ലാ കടുവകളുടെ ലക്ഷ്യം. സൂപ്പർ ഫോറിലെ ത്രില്ലർ ക്ലൈമാക്സൊരുക്കിയ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഞെട്ടിച്ച് ജയം നേടിയാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് ഇന്ത്യ x ബംഗ്ലാ മത്സരം.
ജയിച്ചാൽ ഫൈനൽ
ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് ഫൈനൽ ബർത്ത് ഏകദേശം ഉറപ്പിക്കാം. ഇന്ത്യ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തകർത്തപ്പോൾ ബംഗ്ലാദേശ് ത്രില്ലർ പോരാട്ടത്തിൽ ഒരു പന്ത് ബാക്കിനിൽക്കേ നാല് വിക്കറ്റിന് ശ്രീലങ്കയെ അട്ടിമറിച്ചു. ജയിച്ചാൽ ഇന്ത്യക്കു ഫൈനൽ ഉറപ്പിക്കാം. തോറ്റാൽ ശ്രീലങ്കയുമായുള്ള അവസാന മത്സര ഫലം വരെ കാത്തിരിക്കണം.
മത്സരം ഉപേക്ഷിക്കുകയോ പോയിന്റ് പങ്കുവയ്ക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായാലും റണ്‍റേറ്റ് അടിസ്ഥാനത്തിൽ ഇന്ത്യക്ക് മുൻതൂക്കമുണ്ടാകും. കണക്കുകളിലെ സമ്മർദം ഒഴിവാക്കാൻ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്.
അട്ടിമറി വീരന്മാർ!
ഇന്ത്യയെ ഏകദിന ലോകകപ്പിലടക്കം അട്ടിമറിച്ച് പുറത്താക്കിയിട്ടുള്ളവരാണ് ബംഗ്ലാദേശ്. സൂപ്പർ ഫോർ ആദ്യ മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 169 എന്ന സ്കോർ മറികടന്ന് അട്ടിമറിയുടെ സൂചന നൽകി. ഇന്ത്യയെ അട്ടിമറിക്കാൻ കരുത്തരാണ് തങ്ങളെന്ന അവകാശവാദം ബംഗ്ലാദേശ് ഹെഡ് കോച്ച് ഫിൽ സിമ്മണ്‍സ് നടത്തിക്കഴിഞ്ഞു.
ടൂർണമെന്റിൽ ഇന്ത്യ ശക്തരായി മുന്നേറുകയാണ്. എന്നാൽ അവർ അജയ്യരല്ലെന്ന് സിമ്മണ്‍സ് പറഞ്ഞു. അതേസമയം, ശക്തമായ ബാറ്റിംഗ് ബൗളിംഗ് നിരയിൽ പ്രതീക്ഷയർപ്പിച്ചാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഫീൽഡിംഗിൽ ചോർന്ന കൈകൾ മാത്രമാണ് ജാഗ്രത പുലർത്താനുള്ളത്.
ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരിൽ ഷാക്കിബ് അൽ ഹസനൊപ്പമാണ് (149) മുസ്തഫിസുർ റഹ്മാൻ. ഇന്നത്തെ മത്സരത്തിൽ ഷാക്കിബിനെ മറികടന്നാൽ ട്വന്റി-20ൽ 150 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ബൗളറായി മുസ്തഫിസുർ മാറും.
നേർക്കുനേർ
ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയും ബംഗ്ലാദേശും 17 പ്രാവശ്യം ഏറ്റുമുട്ടി. 16 എണ്ണത്തിലും ഇന്ത്യക്കായിരുന്നു ജയം. ബംഗ്ലാദേശിന് ഒരു ജയം. 2024ൽ അവസാനം ഏറ്റുമുട്ടിയപ്പോൾ 133 റണ്‍സിന്റെ കൂറ്റൻ ജയം ഇന്ത്യ സ്വന്തമാക്കി.
Tags : Asia Cup Team India Bangladesh