മുംബൈ: മഹാരാഷ്ട്രയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ ഉൾപ്പടെ നാലുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. നവി മുംബൈയിലെ വാഷി സെക്ടർ- 14 ൽ സ്ഥിതി ചെയ്യുന്ന രഹേജ റെസിഡൻസി ഹൗസിംഗ് സൊസൈറ്റിയിലാണ് തീപിടിത്തമുണ്ടായത്.
പൂജ രാജൻ (39), സുന്ദർ ബാലകൃഷ്ണൻ (44), വേദിക സുന്ദർ ബാലകൃഷ്ണൻ (ആറ്), കമല ഹിരാൽ ജെയിൻ (84) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ പത്താം നിലയിലുണ്ടായ തീപിടിത്തം പിന്നീട് മറ്റ് നിലകളിലേക്കും പടരുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാകാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. എസി യൂണിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അഗ്നിശമനയുടെ അഞ്ച് ഫയർ എഞ്ചിനുകൾ എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.