അട്ടപ്പാടി ചുരത്തിൽ ചുമർചിത്രമൊരുക്കി വിദ്യാർഥികൾ
1541907
Saturday, April 12, 2025 12:07 AM IST
മണ്ണാർക്കാട്: ചുമർചിത്രം വരച്ച് കാടുകാക്കാൻ ഒരുങ്ങുകയാണ് തവനൂർ കാർഷിക എൻജിനീയറിംഗ് കോളജിലെ എൻഎസ്എസ് വിദ്യാർഥികളും വനംവകുപ്പും.
സൈലന്റ് വാലിയിലേക്കും അട്ടപ്പാടി മലനിരകളിലേക്കും ചുരംകയറി പോകുമ്പോൾ റോഡിന്റെ വശത്തെ മതിലിൽ ഒരുക്കിയിട്ടുള്ള മനോഹരമായ ചുവർചിത്രം ഇനി കാടുകാക്കലിന്റെ സന്ദേശമോതും.
ജന്തുജാലങ്ങളുമായി അനുഗൃഹീതമായ അട്ടപ്പാടി ചുരംറോഡ് മാലിന്യത്തിൽ മുങ്ങിയിരുന്നു.
വനത്തിലൂടെ കടന്നുപോകുന്ന പാതയുടെ ഇരുവശത്തും ആളുകൾ മാലിന്യമെറിഞ്ഞതോടെ ചുരം ചീഞ്ഞുനാറാൻ തുടങ്ങി. ബോധവത്കരണ പോസ്റ്ററുകളും അറിയിപ്പുകളുമെല്ലാം സ്ഥാപിച്ചെങ്കിലും ഫലപ്രദമായില്ല. തുടർന്നാണ് പാറക്കെട്ടുകളിലും മതിലുകളിലുമെല്ലാം മനോഹരമായ ചിത്രങ്ങൾ വരയ്ക്കാമെന്ന ആശയം എൻഎസ്എസ് വോളന്റിയർമാർക്കു തോന്നിയത്. മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ പ്രോത്സാഹനവുമായെത്തിയതോടെ ചുമർചിത്രവും യാഥാർഥ്യമായി.
എൻഎസ്എസ് സപ്തദിന ക്യാന്പിന്റെ ഭാഗമായാണ് ഈ സൗന്ദര്യവത്കരണം.
പത്താംവളവ് എത്തുന്നതിനു മുമ്പ് ഏകദേശം 500 മീറ്റർ മാറിയാണ് 750 ചതുരശ്രഅടി വിസ്തീർണത്തിൽ ചുവർചിത്രം ഒരുക്കിയത്. കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അസിസ്റ്റന്റ് പ്രഫസർ വൈശാഖ് വേണുവും മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുബൈറും ഡെപ്യൂട്ടി ഓഫീസർ അഷ്റഫും കൈകോർത്തതോടെയാണ് വിദ്യാർഥികളുടെ സൗന്ദര്യവത്കരണം യാഥാർഥ്യമായത്.