ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും; മോക് എക്സർസൈസ് നടത്തി
1541899
Saturday, April 12, 2025 12:07 AM IST
പാലക്കാട്: ചുഴലിക്കാറ്റ്, മറ്റ് അനുബന്ധ പ്രകൃതി ദുരന്തങ്ങളെ നേരിടാനും നിലവിലുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനുമായി ജില്ലയിൽ മോക്ഡ്രിൽ നടന്നു. ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും ചേർന്നാണ് മോക്ഡ്രിൽ നടത്തിയത്.
രാവിലെ എട്ടുമണിയോടെ സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചുഴലിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്നുള്ള അറിയിപ്പ് ലഭിച്ചു. ചുഴലിക്കാറ്റ് രാവിലെ പത്തിനും 11 നും ഇടയിൽ നിലം തൊടുമെന്ന അറിയിപ്പിനെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എ ഡിഎം കെ. മണികണ്ഠന്റെ നേതൃത്വത്തിൽ രാവിലെ ഒന്പത് മുതൽ കളക്ടറേറ്റിൽ കണ്ട്രോൾ റൂം തുറന്നു.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ജി. പ്രിയങ്ക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ ടീമിന് നൽകുകയും ചെയ്തു. മോക്ഡ്രില്ല് വിജയകരമായി പൂർത്തിയാക്കാനായെന്നും ഇത്തവണ ഉണ്ടായ പോരായ്മകൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഗ്യാസ് പടർന്നതിനെ തുടർന്ന് പരിസരവാസികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയും വാതകം ശ്വസിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണവരെ ആശുപത്രികളിൽ എത്തിച്ച് ആവശ്യമായ വൈദ്യസഹായം നൽകുകയും ഒടിഞ്ഞുവീണ മരവും ടാങ്കർ ലോറിയും നീക്കം ചെയ്യുന്നതും മോക് ഡ്രില്ലിൽ ഉൾപ്പെടുത്തിയിരുന്നു. ഡെപ്യൂട്ടി ഇൻസിഡെന്റ് കമാൻഡറായ ജില്ലാ പ്ലാനിംഗ് ഓഫീസർ പി. ആർ. രത്നേഷ്, പോലീസ്, ഫയർ ഫോഴ്സ്, ഡി ഇ ഒസി, എൻഡിആർഎഫ്, ഹെൽത്ത്, ട്രാൻസ്പോർട്ട് എന്നീ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും വോളന്റിയർമാരും മോക്ഡ്രില്ലിൽ പങ്കാളികളായി.