പ്ലാസ്റ്റിക്മാലിന്യങ്ങൾ മണ്ണിട്ടുമൂടുന്നതായി ആരോപിച്ച് രണ്ടാംദിനവും നഗരസഭയുടെ പ്രവൃത്തികൾ തടഞ്ഞു
1541609
Friday, April 11, 2025 12:45 AM IST
ഒറ്റപ്പാലം: നഗരസഭയുടെ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ കുന്നുകൂടിക്കിടക്കുന്ന അജൈവമാലിന്യം നീക്കാനുള്ള പദ്ധതിയെ മറയാക്കി ഇവ മണ്ണിട്ടുമൂടുന്നുവെന്നാരോപിച്ച് രണ്ടാംദിവസവും ബിജെപി പ്രവർത്തകർ പ്രവൃത്തികൾ തടഞ്ഞു. പ്രതിഷേധക്കാർ പുറത്തുനിന്ന് മണ്ണ് കയറ്റിവന്ന രണ്ട് ലോറികൾ തടഞ്ഞിട്ട് റവന്യൂവകുപ്പിന് കൈമാറി.
നഗരസഭയുടെ നിർദേശപ്രകാരം രേഖകളില്ലാതെ മണ്ണ് കയറ്റിവന്ന വാഹനങ്ങളാണ് തടഞ്ഞിട്ടത്. ഒറ്റപ്പാലം എഎസ്പി അശോക് കൃഷ്ണ, മുൻസിപ്പൽ എൻജിനീയർ കെ. ജയപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർ സി. വിസ്മൽ, വില്ലേജ് ഓഫീസർ കെ. സാജൻ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
രേഖകൾ പ്രകാരമാണ് മണ്ണ് കടത്തിയതെന്ന് നഗരസഭാ ഉദ്യോഗസ്ഥൻമാർ വ്യക്തമാക്കിയെങ്കിലും രേഖകൾ കാണണമെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. എന്നാൽ ബന്ധപ്പെട്ടവരുടെ പക്കൽ രേഖകൾ ഉണ്ടായിരുന്നില്ല. മണിക്കുറുകൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് മണ്ണ് കയറ്റിവന്ന വാഹനങ്ങൾ റവന്യൂ വിഭാഗം കസ്റ്റഡിലെടുത്തത്.
ഗ്രൗണ്ടിൽ നടന്നുവരുന്ന മുഴുവൻ പ്രവർത്തികളും നിർത്തിവച്ചതായി നഗരസഭ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രേഖകൾ ഇല്ലാതെ കോടികൾ മുടക്കിയുള്ള പദ്ധതിയെ ചൊല്ലിയാണ് ബിജെപി അഴിമതി ആരോപണമുയർത്തി സമരമാരംഭിച്ചിരിക്കുന്നത്.
1.68 കോടി രൂപ ചെലവിൽ വിജയവാഡയിൽ നിന്നുള്ള കമ്പനിയാണ് ഇതിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളതെന്നും ഇതിനുള്ള നടപടികളാണു പുരോഗമിക്കുന്നതെന്നും നേരത്തെ മാലിന്യം നീക്കിയതിനു കൃത്യം രേഖയുണ്ടെന്നും നഗരസഭാ അധികൃതർ പറയുന്നു. മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നഗരസഭാ ഉപാധ്യക്ഷൻ കെ.രാജേഷ് പറഞ്ഞു.
ബിജെപി മണ്ഡലം പ്രസിഡന്റ് സി. സുമേഷ്, ജനറൽ സെക്രട്ടറി എ. സരൂപ്, കെ. പ്രമോദ്കുമാർ, സുരേഷ് കോണിക്കൽ, കെ.മധു എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.