അഗളി പുതുജീവനിൽ തയ്യൽപരിശീലനം അഞ്ചാംവർഷത്തിലേക്ക്
1541602
Friday, April 11, 2025 12:45 AM IST
അഗളി: പുതുജീവൻ അഗതി മന്ദിരം നടപ്പാക്കിവരുന്ന തയ്യൽപരിശീലനം അഞ്ചാം വർഷത്തിലേക്ക്. രണ്ടുമാസം നീണ്ടുനിൽക്കുന്ന ക്ലാസുകളിലൂടെ അന്പതിലധികംപേരെ ഇതിനകം തയ്യൽജോലികൾക്ക് പ്രാപ്തരാക്കാൻ പുതുജീവനു കഴിഞ്ഞു.
പുതുതായി ആരംഭിച്ച ബാച്ചിൽ 35 കുട്ടികളും മുതിർന്നവരും ചേർന്നിട്ടുണ്ട്. അഗളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുനിൽ ജി. പുത്തൂർ പ്രസംഗിച്ചു. പരിശീലനം നേടിയ കുട്ടികൾ നിർമിച്ച തുണിത്തരങ്ങളും പേപ്പർ പൂക്കളും കുഷ്യൻസുകളും പ്രദർശിപ്പിച്ചു. പുതുജീവൻ ഡയറക്ടർ ഫാ. ബിബിൻ ചെറുകുന്നേൽ സ്വാഗതവും തയ്യൽയൂണിറ്റ് ഇൻചാർജ് കൊച്ചുറാണി ഷാജി നന്ദിയും പറഞ്ഞു.