കൺവൻഷൻ നാനാജാതി മതസ്ഥർക്കുവേണ്ടിയുള്ള ആത്മീയ ഉണർവ്: ഫാ. സേവ്യർഖാൻ വട്ടായിൽ
1541905
Saturday, April 12, 2025 12:07 AM IST
അഗളി: ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ഇടവകയിൽ നാളെമുതൽ ആരംഭിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ നാനാജാതി മതസ്ഥർക്കുവേണ്ടിയുള്ള ആത്മീയ ഉണർവാണെന്ന് ഫാ. സേവ്യർഖാൻ വട്ടായിൽ.
കൺവൻഷനോടനുബന്ധിച്ച് താവളം റൂഹ മൗണ്ട് മോണാസ്ട്രിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിലെ കർഷകരും മറ്റു വിഭാഗക്കാരും ഏറെ കഷ്ടതയിലൂടെയാണ് കടന്നുപോകുന്നത്. പകലന്തിവരെയും തുടർന്നും പണിയെടുക്കുന്ന കർഷകർക്ക് സ്വസ്ഥമായി ഉറങ്ങാനാകുന്നില്ല. സമസ്തമേഖലകളിലും കർഷകർ വെല്ലുവിളി നേരിടുകയാണ്. രാപ്പകൽഭേദമില്ലാതെ പക്ഷിമൃഗാദികൾ കാർഷികവിളകൾ തിന്നൊടുക്കുമ്പോൾ കാട്ടാനപോലുള്ള വലിയ മൃഗങ്ങൾ കൃഷിനാശത്തിനൊപ്പം കൃഷിയിടവും ചവിട്ടിനിരപ്പാക്കുന്നു. ഇതിനുപുറമേ കീടബാധയും പ്രകൃതിക്ഷോഭങ്ങളും കർഷകരെ നിലയില്ലാക്കയത്തിലേക്ക് നയിക്കുന്നു. അട്ടപ്പാടി വൃദ്ധരുടെ നാടായി മാറുന്നു.
അട്ടപ്പാടിയിൽ വിവാഹങ്ങൾ നടക്കാത്ത സ്ഥിതിവിശേഷമായിക്കഴിഞ്ഞു. അട്ടപ്പാടിയിലേക്ക് പെൺകുട്ടികളെ അയയ്ക്കാൻ ആരും തയാറാകുന്നില്ല. ജീവിക്കാൻ ഉതകുന്ന വേതനം ലഭിക്കുന്ന തൊഴിൽതേടിയും വിവാഹസാഹചര്യം ഒരുക്കുന്നതിനുമായി യുവതലമുറ അട്ടപ്പാടി വിടുകയാണിപ്പോൾ. മദ്യ, മയക്കുമരുന്നുകളുടെ പ്രസരണം വർധിച്ചിരിക്കുന്നു. സ്വസ്ഥത നഷ്ടപ്പെട്ട ജനവിഭാഗങ്ങളെ സമസ്തമേഖലകളിലും കാണുന്നു. ഈ അവസരത്തിൽ അഭിഷേകാഗ്നി പോലുള്ള ആത്മജ്ഞാനങ്ങൾക്കു പ്രസക്തിയുണ്ടെന്നു ഫാ. വട്ടായിൽ ചൂണ്ടിക്കാട്ടി.
സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടറും പിഡിഎഫ് മോണാസ്ട്രി സ്ഥാപകഡയറക്ടറുമായ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവുമാണ് കൺവൻഷൻ നയിക്കുന്നത്.
നാലുദിവസങ്ങളിലായി നടക്കുന്ന കൺവൻഷനുകളിൽ രോഗികൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന, വെഞ്ചരിച്ച മെഡൽ കൊടുത്ത് കുട്ടികൾക്കുവേണ്ടിയുള്ള പ്രാർഥന, എല്ലാ ദിവസവും രാവിലെ 9 മുതൽ 4 വരെ തൈലംപൂശി പ്രാർഥന, കുട്ടികളുടെ പഠനോപകരണങ്ങൾ വെഞ്ചരിച്ചുനൽകൽ, കടബാധ്യത, രോഗപീഡകൾ, കുടുംബ തകർച്ച, ആത്മഹത്യ, ദുരന്തമരണങ്ങൾ എന്നിങ്ങനെയുള്ള തിന്മകളിൽനിന്നു മുക്തിനേടാൻ പ്രത്യേക പ്രാർഥനയും ഉണ്ടാകും.
13 മുതൽ 16 വരെ വൈകുന്നേരം നാലുമുതൽ രാത്രി 9 വരെയാണ് കൺവൻഷൻ. ദൂരെനിന്ന് എത്തുന്നവർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, വികാരി ജനറാൾ മോൺ. ജീജോ ചാലയ്ക്കൽ തുടങ്ങിയവർ തിരുക്കർമങ്ങളിൽ സന്ദേശം നൽകും. സെന്റ് പീറ്റേഴ്സ് ഇടവകവികാരി ഫാ. ജോൺ മരിയ വിയാനി ഒലക്കേങ്കിൽ, പിഡിഎം അഡ്മിനിസ്ട്രേറ്റർ റെജി അറയ്ക്കൽ, കൈക്കാരന്മാർ, കൺവീനർമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.