വിശ്വാസികൾ ക്രിസ്തീയദർശനത്തിൽ ജീവിക്കണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1541901
Saturday, April 12, 2025 12:07 AM IST
അഗളി: അനുസരണം, വിധേയത്വം എന്നീ ക്രിസ്തീയദർശനത്തിൽ ഊന്നി ദൈവഹിതത്തിനു സ്വയം സമർപ്പിച്ചുവേണം വിശ്വാസികൾ ജീവിക്കാനെന്നു ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി ചിന്നമലയാറ്റൂർ എന്നറിയപ്പെടുന്ന അട്ടപ്പാടി ജെല്ലിപ്പാറ കാൽവരി മൗണ്ട് തീർഥാടന കേന്ദ്രത്തിലേക്ക് നടന്ന കുരിശുമലതീർഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്.
സ്വയം ജീവിതം അവസാനിപ്പിക്കുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഏവരും ദൈവഹിതം മനസിലാക്കി സമചിത്തതയോടെ സാഹചര്യങ്ങളെ വിലയിരുത്തി ജീവിക്കണമെന്നും ബിഷപ് പറഞ്ഞു. ഇന്നലെ വൈകുന്നേരം 3.30ന് സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടന്ന തിരുകർമ്മങ്ങൾക്ക് താവളം ഫെറോന വികാരി ഫാ. ബിജു പ്ലാത്തോട്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് ബിഷപ്പിന്റെ നേതൃത്വത്തിൽ നടന്ന കുരിശിന്റെ വഴിയിൽ ആയിരങ്ങൾ മല ചവിട്ടി പുണ്യം നേടി. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി വിശ്വാസികളും വൈദികരും സന്യസ്ഥരും ഒഴുകിയെത്തി. ഇടവക വികാരി ഫാ. ജോൺ മരിയ വിയാനി ഒലക്കേങ്കിൽ, ഫാ. ബിജോയി ചോതിരക്കോട്ടിൽ, ഫാ. സൈമൺ കൊള്ളന്നൂർ, കൈക്കാരന്മാരായ മത്തായി ഊടുപുഴയിൽ, ഷിബിൻ കുരുവിലംകാട്ടിൽ, കൺവീനർമാരായ ജയ്സൺ പനന്താനത്ത്, സാബു ചാലാനിയിൽ എന്നിവർ നേതൃത്വം നൽകി.