ഖരമാലിന്യ സംസ്കരണ ഗ്രൗണ്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിട്ടുമൂടാനുള്ള ശ്രമം തടഞ്ഞു
1541318
Thursday, April 10, 2025 1:48 AM IST
ഒറ്റപ്പാലം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പനമണ്ണ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കാതെ മണ്ണിട്ട് മൂടുന്നതടക്കമുള്ള പ്രവൃത്തികൾ ബിജെപിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ തടഞ്ഞു.
ജൈവമാലിന്യ സംസ്കരണത്തിനായി ജൈവമാലിന്യങ്ങൾ മാത്രം സംസ്കരിക്കാൻ രണ്ടു ഘട്ടങ്ങളിലായി എംസികെ കമ്പനിക്ക് കൊടുത്തിട്ടുള്ള കരാർ നിയമം ലംഘിച്ചുകൊണ്ടാണന്നും പരാതി ഉയർന്നു. എസികെ കുട്ടി അസോസിയേറ്റ്സിന് ആ പ്രവൃത്തികൾ ചെയ്യുന്നതിന് അംഗീകാരമില്ലായിരുന്നുവെന്നാണ് വിവരം. അംഗീകാരമില്ലാത്ത ഈ കമ്പനിക്കാണ് ബയോ മൈനിംഗ് നടത്തുന്നതിന് നഗരസഭ കരാർ നൽകിയത്. ആറുകോടിയോളം രൂപ ഇതിനുവേണ്ടി നൽകികഴിഞ്ഞുവെന്നാണ് കണക്ക്.
എന്നാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാതെ ജൈവമാലിന്യത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും മണ്ണിട്ട് മൂടുകയാണ് ചെയ്തിട്ടുള്ളതെന്നാണ് പരാതി. മുനിസിപ്പൽസെക്രട്ടറി അടക്കമുള്ള ഭരണസമിതിയുടെ അറിവോടും അംഗീകാരത്തോടും കൂടിയാണ് ഇതിൽ വ്യാപകമായ അഴിമതി നടന്നിട്ടുള്ളതെന്നാണ് ആക്ഷേപം. മൂന്നാംഘട്ടം ബയോമൈനിംഗിനായി രണ്ടുകോടി 20 ലക്ഷം രൂപയും പുതിയ കമ്പനിക്ക് വകയിരുത്തി കൊണ്ട് നഗരസഭ സെക്രട്ടറി അംഗീകാരം നൽകിയിരിക്കുകയാണന്നും പരാതിയുണ്ട്. ഈ സാഹചര്യം നിലനിൽക്കെയാണ് 18ന് മന്ത്രി എം.ബി. രാജേഷ് ഗ്രൗണ്ടിൽ പൂന്തോട്ടം ഉദ്ഘാടനം ചെയ്യാൻ എത്തുന്നത്. ഇതിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്ന് നേതാക്കൾ പറഞ്ഞു.