ബസുകൾ കയറാതെ കൊടുവായൂർ സ്റ്റാൻഡ്; കാത്തിരിപ്പുകാർ പുറത്തെ മരത്തണലിൽ
1541310
Thursday, April 10, 2025 1:47 AM IST
കൊടുവായൂർ: കോടികൾ ചെലവഴിച്ച് കൊടുവായൂരിൽ നിർമിച്ച ബസ് സ്റ്റാൻഡ് യാത്രികർക്കു പ്രയോജനപ്പെടുത്തണമെന്ന ആവശ്യശക്തം.
കൊടുംവെയിലിൽപോലും പലരും ബസ് കാത്തുനിൽക്കുന്നത് സ്റ്റാൻഡിനു മുന്നിലെ മരത്തണലിലാണ്. കൈക്കുഞ്ഞുമായി നിൽക്കുന്ന അമ്മമാരും വയോധികരുമെല്ലാം ഇവിടത്തെ സ്ഥിരംകാഴ്ച.
2012-13 ൽ പി.കെ. ബിജു എംപിയുടെ പ്രദേശിക ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ബസ് സ്റ്റാൻഡും കമ്യൂണിറ്റി ഹാളും നിർമിച്ചത്. ആർഭാടമായി ഉദ്ഘാടനം നടത്തിയെങ്കിലും ഒരുവർഷത്തിനകം സ്റ്റാൻഡിൽ ബസ് കയറുന്നതു നിലച്ചു.
കൊടുവായൂരിൽ വന്നുപോകുന്ന തമിഴ്നാട് സർക്കാർബസ് മാത്രമാണ് സ്റ്റാൻഡിൽകയറി നിർത്തിയിടാറുളളത്.
നിലവിൽ ലോറി, കാർ അടക്കമുള്ള വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായി ബസ് സ്റ്റാൻഡ് മാറിയിട്ടുണ്ട്. സ്റ്റാൻഡിലേക്കു കയറിയിറങ്ങുന്ന വഴിയും സഞ്ചാരയോഗ്യമല്ലാതായി.
ബസുകൾ സ്റ്റാൻഡിൽ കയറാറില്ലാത്തതിനാൽ എല്ലാവരുടെയും നിൽപ് പുറത്തെ മരത്തണലിലാണ്.