കേന്ദ്ര വനംനിയമം ഭേദഗതി ചെയ്യണം: കെ. മുരളീധരൻ
1541605
Friday, April 11, 2025 12:45 AM IST
നെന്മാറ: മലയോര കർഷകരുടെയും ജനങ്ങളുടെയും ജീവനും സ്വത്തിനും പരിരക്ഷ ലഭിക്കുംവിധം കേന്ദ്ര വനനിയമം ഭേദഗതി ചെയ്യണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ ആവശ്യപ്പെട്ടു. ജില്ലാ യുഡിഎഫ് കമ്മിറ്റി നെന്മാറ ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു മുരളീധരൻ.
നിലവിലുള്ള നിയമവ്യവസ്ഥകളിലൂടെ കർഷകർക്കും ജനങ്ങൾക്കും സംരക്ഷണം ലഭിക്കുന്നില്ലെന്നു മാത്രമല്ല അവരെ ശത്രുക്കളായി കണ്ട് ദ്രോഹിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
മലയോരമേഖലയിലുള്ള കർഷകരുടെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ അവരെ വിശ്വാസത്തിലെടുത്ത് സംരക്ഷിക്കുവാനുള്ള നിയമം ഉണ്ടാവണമെന്ന് മുരളീധരൻ പറഞ്ഞു. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ ശാസ്ത്രീയമായ സംവിധാനങ്ങൾ ഒരുക്കണം.
വന്യമൃഗങ്ങൾ അഴിഞ്ഞാടി മനുഷ്യ ജീവനുകൾ കവരുന്പോൾ സംസ്ഥാന സർക്കാരും വനംവകുപ്പും നിസംഗത പാലിക്കുന്നത് പാവപ്പെട്ട ജനങ്ങളെ കുരുതി കൊടുക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനർ പി. ബാലഗോപാൽ, മുൻ എംഎൽഎമാരായ കളത്തിൽ അബ്ദുള്ള, കെ.എ. ചന്ദ്രൻ, യുഡിഎഫ് നേതാക്കളായ സി.എൻ. വിജയ കൃഷ്ണൻ, കെ.എ. തുളസി, സി. ചന്ദ്രൻ, എൻ.വി. സാബു, വി. അനിൽകുമാർ, പി. കലാധരൻ, ടി.എം. ചന്ദ്രൻ, സുരേഷ് വേലായുധൻ, വേണു കൊങ്ങോട്ട്, മോഹൻ കാട്ടാശേരി, കെ. ശിവാനന്ദൻ, എം.എ. സുൽത്താൻ, കെ.ആർ. പത്മകുമാർ, മുഹമ്മദ് ഇക്ബാൽ, കെ.ജി. എൽദോ, പി. പത്മഗിരീഷ്, സി.സി. സുനിൽ, വിനോദ് ചക്രയി, കെ. ഗുരുവായൂരപ്പൻ എന്നിവർ പ്രസംഗിച്ചു. നെന്മാറ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധമാർച്ചിൽ രണ്ടായിരത്തോളം പ്രവർത്തകർ പങ്കെടുത്തു.