ഉടമസ്ഥാവകാശം മാറിയ കെട്ടിടത്തിന് മുൻബാധ്യതയുണ്ടെങ്കിലും നികുതി സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
1541607
Friday, April 11, 2025 12:45 AM IST
പാലക്കാട്: മുൻ ഉടമയുടെ നികുതി കുടിശികയുടെ പേരിൽ ഇപ്പോഴത്തെ ഉടമയിൽനിന്നും കെട്ടിടനികുതി സ്വീകരിക്കാത്തത് നിയമവിരുദ്ധമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
2018 ൽ ഉടമസ്ഥാവകാശം മാറ്റിയ കെട്ടിടത്തിന് പുതിയ ഉടമയിൽ നിന്ന് 5 കൊല്ലം നികുതി സ്വീകരിച്ചശേഷമാണ് മുൻ ഉടമ നികുതി ഒടുക്കാനുണ്ടെന്ന് പറഞ്ഞ് 2023 മുതൽ പുതിയ ഉടമയിൽ നിന്നും കെട്ടിടനികുതി സ്വീകരിക്കാതിരിക്കുന്നത്.
2023-24 മുതലുള്ള നികുതി സ്വീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പാലക്കാട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദേശം നൽകിയത്.
പെരുവെന്പ് സ്വദേശി സി. മോഹനൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
2018 ലാണ് പരാതിക്കാരൻ കെട്ടിടം വാങ്ങിയത്. 2018 ജൂണ്‍ 6 ന് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം പാലക്കാട് നഗരസഭ മാറ്റി നൽകി. അന്നുമുതൽ 2022 വരെയുള്ള കെട്ടിട നികുതി പുതിയ ഉടമ ഒടുക്കുകയും ചെയ്തു.
2023 ൽ നികുതി ഒടുക്കാൻ ചെന്നപ്പോൾ കെട്ടിടത്തിന്റെ മുൻ ഉടമ 2013 മുതൽ 2017 വരെ നികുതി ഒടുക്കിയിട്ടില്ലെന്നും അത് ഒടുക്കിയാൽ മാത്രമേ 2023 മുതലുള്ള നികുതി സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും നഗരസഭ വ്യക്തമാക്കിയതായി പരാതിയിൽ പറഞ്ഞു.
3 വർഷത്തെ കാലാവധി കഴിഞ്ഞശേഷം ജപ്തിനടപടികൾ സ്വീകരിക്കാൻ പാടില്ലെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഇതുപ്രകാരം പരാതിക്കാരന്റെ ബാധ്യത ഒഴിവാക്കി 2023-24 മുതലുള്ള നികുതി സ്വീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി.