വിഷുവിപണിയിൽ താരമായി താമരച്ചക്ക
1541319
Thursday, April 10, 2025 1:48 AM IST
വടക്കഞ്ചേരി: വിഷുവിപണിയിൽ ഇക്കുറി താരമായി നിറഞ്ഞുനിൽക്കുന്നത് താമരച്ചക്കയാണ്. കുഞ്ഞൻചക്ക എന്നതുതന്നെയാണ് താമരച്ചക്കയ്ക്ക് വിപണിമൂല്യമുണ്ടാക്കുന്നത്. അതും തനിനാടനാകുമ്പോൾ ഈ ഇനം ചക്ക ചൂടപ്പംപോലെ വിറ്റുപോകുമെന്നാണ് കച്ചവടക്കാരും കണക്കുകൂട്ടുന്നത്.
വിളകളുടെ വിസ്മയമുള്ള കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജുവിന്റെ തോട്ടത്തിൽനിന്നാണ് ഈ കൗതുകച്ചക്ക വിപണിയിലെത്തുന്നത്. കടച്ചക്കയുടെ വലിപ്പമേ ഇതിനുള്ളുവെങ്കിലും സാധാരണ ചക്ക തന്നെയാണ് ഇതെന്ന് സാജു പറഞ്ഞു
.
ഒരു ചക്ക കഷ്ടി ഒരുകിലോയെ തൂക്കംവരൂ. തിങ്ങിനിറഞ്ഞ് ചുളയുമുണ്ട്. നല്ല മധുരവും. കുരുവിനും ചുളയ്ക്കും വലുപ്പകുറവാണെന്നുമാത്രം. കുലകളായാണ് ഉണ്ടച്ചക്ക എന്നുപേരുള്ള ഈ ചക്ക ഉണ്ടാകുന്നത്. ഒരു കുലയിൽതന്നെ എട്ടും പത്തും ചക്കയുണ്ടാകും. പ്ലാവിൻതടിയിൽ ചക്ക നിറഞ്ഞുനിൽക്കുന്നതുകാണാനും നല്ല ചന്തമാണ്. നാനോ ചക്കയായതിനാൽ വിഷുവിന് കണിയൊരുക്കാനും സൗകര്യമാണ്.