ജൈവവൈവിധ്യ പരിപാലനത്തിനു പ്രത്യേക കർമപദ്ധതി അണിയറയിൽ
1541599
Friday, April 11, 2025 12:45 AM IST
ഷൊർണൂർ: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നിർദേശപ്രകാരം മുതുതല പഞ്ചായത്തിൽ ജൈവവൈവിധ്യ പരിപാലന കർമപദ്ധതിയൊരുക്കുന്നു.
പ്രാദേശികാടിസ്ഥാനത്തിൽ, കാലാവസ്ഥാവ്യതിയാനം ഉൾക്കൊണ്ട് പരിസ്ഥിതിസംരക്ഷണത്തിന് സുസ്ഥിരവികസനപദ്ധതി പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതികൾവഴിയാണ് (ബിഎംസി) തയാറാക്കുന്നത്. കാർഷികവിളകളുടെ വൈവിധ്യം സംരക്ഷിക്കുക, വളർത്തുമൃഗപരിപാലനം, മണ്ണിന്റെ ഗുണമേന്മയും ജലസമ്പത്തും നിലനിർത്തുക, മത്സ്യയിനങ്ങൾ, കാവ്, തോട്, കുളം എന്നിവ സംരക്ഷിക്കുക എന്നിവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
അധിനിവേശ സസ്യങ്ങളെ നേരിടാനുള്ള മാർഗങ്ങൾ കണ്ടെത്തുക, വന്യമൃഗങ്ങളുടെയും കീടങ്ങളുടെയും ശല്യത്തിൽനിന്ന് കൃഷിയെ രക്ഷിക്കുക, ദുരന്തങ്ങളെ നേരിടാനുള്ള പദ്ധതി തയാറാക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. വാർഷിക പദ്ധതിയിൽ 30 ശതമാനം ഈ ലക്ഷ്യങ്ങൾ നേടാൻ നീക്കിവയ്ക്കുകയും വേണം.
പഞ്ചായത്തിൽ ഇതിനായി നിർവഹണസമിതി രൂപവത്കരിച്ച് വോളന്റിയർമാർക്ക് വിവരശേഖരണത്തിനുള്ള പരിശീലനം നൽകി. മൂന്നുവാർഡുകളിൽപ്പെട്ട അഞ്ചിടത്ത് കൃഷി, ആവാസവ്യവസ്ഥ എന്നിവ പരിഗണിച്ച് പദ്ധതിനിർദേശങ്ങൾ ക്ഷണിക്കുന്നതിന് യോഗങ്ങൾ ചേർന്നു. സ്കൂൾ ജൈവ ക്ലബുകൾ, പാടശേഖരസമിതികൾ, ജൈവകർഷകർ എന്നിവർ നൽകിയ പദ്ധതിനിർദേശങ്ങൾ വിദഗ്ധസമിതി പരിശോധിച്ചു.
ബിഎംസി ചെയർപേഴ്സൻ പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലിയും കൺവീനർ പി.എൻ. പരമേശ്വരനും കോ-ഓർഡിനേറ്റർ എ.പി. ഉണ്ണിക്കൃഷ്ണനുമാണ്.
കൂടാതെ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബുഷറ സമദ്, കിസാൻ സർവീസ് സൊസൈറ്റി പ്രസിഡന്റ് അരുൺ പുല്ലാനിക്കോട്, വി.സി. സുഗതകുമാരി, അസിസ്റ്റന്റ് സെക്രട്ടറി എച്ച്.കെ. സുനിൽ എന്നിവരുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പദ്ധതിരൂപരേഖ ഈ മാസാവസാനം പ്രകാശനംചെയ്യാനാണ് ശ്രമം.