നെൽപ്പാടങ്ങളിൽ വെള്ളംകയറി വൈക്കോൽ നശിച്ചു; കർഷകർക്കു കണ്ണീർ
1541314
Thursday, April 10, 2025 1:47 AM IST
നെന്മാറ: ശക്തമായ വേനൽമഴയിൽ വരണ്ടുണങ്ങിയ നെൽപ്പാടങ്ങളിൽ വെള്ളംനിറഞ്ഞു. കൊയ്ത്ത് പൂർത്തിയായ നെൽപ്പാടങ്ങളിലെ വൈക്കോൽ സംഭരിക്കാൻ കർഷകർക്ക് സാവകാശം കിട്ടിയില്ല.
നെൽപ്പാടങ്ങളിൽ ദിവസങ്ങളായി വെള്ളം കെട്ടിനിന്നതിനെ തുടർന്ന് ചീഞ്ഞുതുടങ്ങിയ വൈക്കോൽ സംഭരിക്കാനും കർഷകർക്ക് കഴിഞ്ഞില്ല. കാലികളെ വളർത്തുന്ന കർഷകർ ഇതോടെ ദുരിതത്തിലായി.
പാടങ്ങളിൽ വെള്ളംനിറഞ്ഞതോടെ കലപ്പ ഉപയോഗിച്ച് ഉഴുതുമറിക്കാൻകഴിയാത്ത കർഷകർ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായ വെള്ളത്തിൽ വൈക്കോൽ മണ്ണിൽ വളമായി ചേരുന്നതിനായി ഉഴുതുമറിച്ചു തുടങ്ങി. സാധാരണ വൈക്കോൽ വിറ്റാൽ കൊയ്ത്ത്കൂലിയും നിലം ഉഴുന്നതിനുള്ള ചെലവും ലഭിക്കുമായിരുന്നു.
ഈ വർഷം വൈക്കോൽ നഷ്ടമായതോടെ പ്രാഥമികപണികൾക്ക് പണം കണ്ടെത്തേണ്ട സ്ഥിതിയായി. വൈക്കോൽ മുഖേന കിട്ടിയ അധികാദായവും നഷ്ടമായി. നെന്മാറ, കൈപ്പഞ്ചേരി, കയറാടി, പയ്യാങ്കോട് പ്രദേശത്തുള്ള നെൽപ്പാടങ്ങളിലാണ് വൈക്കോൽ ഉഴുതുമറിക്കുന്നത് ആരംഭിച്ചത്. തുടർച്ചയായ ദിവസങ്ങളിലെ മഴയിൽ വൈക്കോൽ നഷ്ടമായതോടെ പ്രാദേശികമായി വൈക്കോലിന് വില ഉയർന്നുതുടങ്ങി.
ഒരു കെട്ടിന് 85 രൂപ വരെയാണ് കർഷകർക്ക് കിട്ടിയിരുന്നത്. ഇപ്പോൾ 125 രൂപയ്ക്ക് മുകളിൽ വില പറഞ്ഞ് വ്യാപാരികൾ വരുന്നുണ്ടെങ്കിലും വിൽക്കാൻ വൈക്കോൽ ഇല്ലാത്ത സ്ഥിതിയാണ്. മഴ ഇനിയും തുടർന്നാൽ വൈക്കോൽ റോളുകൾക്ക് 200 രൂപയ്ക്ക് മുകളിൽ വില വരുമെന്ന് ക്ഷീര കർഷകർ പറയുന്നു. സ്വന്തമായി നെൽകൃഷിയുള്ള ക്ഷീരകർഷകർക്ക് പോലും വൈക്കോൽ വാങ്ങിക്കേണ്ട സ്ഥിതിയാണ്. കൊയ്ത്തുകഴിഞ്ഞ നെൽപ്പാടങ്ങളിലെ വൈക്കോൽ ചുറ്റി കെട്ടുകളാക്കാനും കഴിയാത്ത സ്ഥിതിയുണ്ട്.
ചില പാടങ്ങളിൽ റോളുകളാക്കിയ വൈക്കോൽ കൊണ്ടുപോകാൻ കഴിയാത്തത് നനഞ്ഞു തുടങ്ങി. തുടർച്ചയായ ദിവസങ്ങളിൽ മഴ ലഭിച്ചതോടെ നെൽപ്പാടത്ത് കിടക്കുന്ന വൈക്കോൽ നിറം കുറഞ്ഞു പൂപ്പലുകൾ കയറിയും ഗുണനിലവാരം കുറയുന്നതായി കർഷകർ പറയുന്നു. നെന്മാറ, അയിലൂർ മേഖലകളിലെ പകുതിയിലേറെ കർഷകരുടെയും വൈക്കോൽ ചീഞ്ഞു നാശമായി.
വൈക്കോൽ വിൽക്കാറുള്ള കർഷകരുടെ നനഞ്ഞ വൈക്കോൽ സംഭരിക്കാനും കച്ചവടക്കാർ എത്തുന്നില്ലെന്നും പരാതിയുണ്ട്.