ടോൾവിഷയം: കമ്പനിയുടെ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ച്
1541904
Saturday, April 12, 2025 12:07 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ ടോൾ സംബന്ധിച്ച സർവകക്ഷി യോഗതീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ടോൾ കമ്പനി നിലപാടിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ടോൾ പ്ലാസയിലേക്ക് മാർച്ച്നടത്തി. ടോൾബൂത്തുകൾക്കു മുന്നിൽ എസ്ഐ ബാബുവിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ പോലീസ് തടഞ്ഞു.തുടർന്ന് ടോൾ കൊള്ളക്കും കമ്പനിയുടെ ധിക്കാര നടപടികൾക്കുമെതിരെ പ്രവർത്തകർ മുദ്രാവാക്യങ്ങളുയർത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. സുരേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു.വി.എം. സെയ്തലവി, ചാർളി മാത്യു, റെജി കെ. മാത്യു, ആന്റോ, കെ.എം.ശശീന്ദ്രൻ, എം.കെ. ശ്രീനിവാസൻ, കെ.സുദേവൻ കണ്ണമ്പ്ര, ബാബു മാധവൻ എന്നിവർ പ്രസംഗിച്ചു. ടോൾപ്ലാസയിൽ നിന്നും ഏഴര കിലോമീറ്റർ ദൂരപരിധിയിലുള്ളവർക്കു മാത്രമെ സൗജന്യപ്രവേശനം അനുവദിക്കൂ എന്ന നിലപാടിലാണ് ടോൾകമ്പനി.
അതിനപ്പുറം എഡിഎം പരിശോധിച്ച് കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളിലുള്ളവർക്കുകൂടി സൗജന്യപ്രവേശനം നൽകണമെന്നതായിരുന്നു സർവകക്ഷി യോഗത്തിലെ തീരുമാനം. ഇത് കാറ്റിൽ പറത്തിയാണ് ടോൾകമ്പനി പ്രവർത്തിക്കുന്നത്. കമ്പനി പറയുന്ന ദൂരപരിധിയിൽ രേഖകൾ സമർപ്പിച്ചവർക്ക് ഏത് ട്രാക്കിലൂടെ വേണമെങ്കിലും കടന്നുപോകാം. രേഖകൾ സമർപ്പിച്ച വാഹനങ്ങൾ കടന്നുപോകുമ്പോൾ ഫാസ് ടാഗ് വഴി പണം നഷ്ടപ്പെടുന്നുണ്ടെന്ന പരാതികളുമുണ്ട്.