യൂത്ത് കോണ്ഗ്രസ് കളക്ടറേറ്റ് മാർച്ചിൽ സംഘർഷം
1541315
Thursday, April 10, 2025 1:47 AM IST
പാലക്കാട്: മാസപ്പടികേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സ്വന്തം മകളെ ഉപയോഗിച്ച് 2.75 കോടിരൂപ കൈക്കൂലിയായി വാങ്ങിയ പിണറായി വിജയന് മുഖ്യമന്ത്രികസേരയിൽ ഇരിക്കാൻ അർഹതയില്ലെന്നും രാജിവെച്ച് പുറത്തുപോകണമെന്നും യൂത്ത് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഡിസിസി ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് സിവിൽസ്റ്റേഷന് സമീപം പോലീസ് ബാരിക്കേഡ്കെട്ടി തടഞ്ഞു. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടിക്കാൻ ശ്രമിച്ചതോടെ പോലീസും യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം ഉണ്ടാവുകയും പിന്നാലെ പ്രവർത്തകർക്ക് നേരെ ജനപീരങ്കി പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോണ്ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി. എൻ. വൈശാഖ് നാരായണസ്വാമി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ .എസ്. ജയഘോഷ് അധ്യക്ഷനായി.
സംസ്ഥാന ഭാരവാഹികളായ പ്രതീഷ് മാധവൻ, വിനോദ് ചെറാട്, ജിതേഷ് നാരായണൻ, ജില്ലാ ഭാരവാഹികളായ രതീഷ് പുതുശേരി, പി.ടി. അജ്മൽ, ശ്യാം ദേവദാസ്, എ. ഷഫീഖ്, ഡി. ദിലീപ്, കെഎസ് യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി, സംസ്ഥാന ഭാരവാഹികളായ അജാസ് കുഴൽമന്ദം, ഗൗജ വിജയകുമാർ,
യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമാരായ വിനോദ് കളത്തൊടി, നസീർ മാസ്റ്റർ, പി.എസ്. വിപിൻ, സാജൻ കോട്ടപ്പാടം, മുകുന്ദൻ കുഴൽമന്ദം, റിനാസ് യൂസഫ് എന്നിവർ നേതൃത്വം നൽകി.