കണിവെള്ളരികൃഷിക്കു തിരിച്ചടി
1541307
Thursday, April 10, 2025 1:47 AM IST
ഷൊർണൂർ: വേനൽമഴ വില്ലനായി, വിഷുവിപണി ലക്ഷ്യമിട്ടിരുന്ന കണിവെള്ളരികൃഷി വെള്ളത്തിലായി. കഴിഞ്ഞ ദിവസങ്ങളിൽ ഇടിവെട്ടിപെയ്ത വേനൽമഴമൂലം വെള്ളരിക്കയെല്ലാം ചീഞ്ഞളിഞ്ഞ അവസ്ഥയിലാണെന്നു കർഷകർ പറയുന്നു.
വിഷുവിപണിയിലേക്കായി മുണ്ടക്കോട്ടുകുറുശ്ശി പാടശേഖരത്തിൽമാത്രം ഒരുക്കിയ 10 ഏക്കറോളം കണിവെള്ളരിക്കൃഷിയാണ് വേനൽമഴ കാരണം നശിച്ചുതുടങ്ങിയത്. അന്പതുദിവസത്തോളം പരിപാലിച്ചാണ് കണിവെള്ളരി കൃഷിചെയ്യുന്നത്.
പത്തിലേറെ കർഷകരാണ് വിഷുവിപണി ലക്ഷ്യമിട്ട് മുണ്ടക്കോട്ടുകുറുശ്ശി പാടശേഖരത്തിൽ കൃഷിയിറക്കിയത്. വിഷു വിപണിക്കായി വിളവെടുക്കാൻ ദിവസങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ. നിലവിൽ അഞ്ചുടണ്ണിലേറെ നഷ്ടംവന്നതായി കർഷകർ പറഞ്ഞു. ഇനിയും മഴതുടർന്നാൽ കൂടുതൽ ഭാഗങ്ങളിലെ വിളകൾ നശിക്കുമെന്ന് കർഷകർ പറയുന്നു. വിഷുവിന്റെ നാലുദിവസമാണ് കണിവെള്ളരിയുടെ കച്ചവടം കൂടുതൽ നടക്കുക. ഇതാണ് കർഷകർക്കു പ്രതീക്ഷനൽകുന്ന വിപണി. വിഷുകഴിഞ്ഞാൽ പിന്നെ വെള്ളരിക്ക് ആവശ്യക്കാർ കുറയും. ഇതോടെ വിലയും കുറയും.
കണിവെള്ളരിക്ക് വിപണിയിൽ ഇപ്പോൾ 15 രൂപയോളം കർഷകർക്കു ലഭിക്കുന്നുണ്ട്. കഴിഞ്ഞവർഷം 50 സെന്റ് സ്ഥലത്തുനിന്ന് ഏഴുടൺ കണിവെള്ളരി ലഭിച്ചിരുന്നു. ഇത്തവണ പാട്ടത്തിനെടുത്ത ഭൂമിയിലുൾപ്പെടെയായി രണ്ടരയേക്കറിൽ കൃഷിചെയ്തതാണ്. എന്നാൽ, രണ്ടുടണ്ണിലേറെ കേടുവന്നു. ഏകദേശം ഒരുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി കർഷകനായ ഞഴുകിൽ അലി പറഞ്ഞു.
ആ ഒരേക്കറിൽ തണ്ണിമത്തനും 30 സെന്റ് സ്ഥലത്ത് കുമ്പളം, പൊട്ടുവെള്ളരി, കണിവെള്ളരി ഉൾപ്പെടെയും കൃഷിചെയ്തിട്ടുണ്ട്. എന്നാൽ, വേനൽമഴയിൽ ഭൂരിഭാഗവും നശിച്ചു. ഒരുടണ്ണിലേറെ കുമ്പളം ചീഞ്ഞ് ചെടിയുൾപ്പെടെ നശിച്ചു. നഷ്ടം കർഷകർതന്നെ വഹിക്കേണ്ട സ്ഥിതിയാണെന്നും ആനുകൂല്യങ്ങൾ പഞ്ചായത്തിൽനിന്നോ ബ്ലോക്കിൽനിന്നോ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.