ഒറ്റപ്പാലത്തെ അമ്മമാർക്ക് ആശ്വാസമായി അങ്കണവാടി കം ക്രഷിനു തുടക്കം
1541311
Thursday, April 10, 2025 1:47 AM IST
ഒറ്റപ്പാലം: സ്വകാര്യ ഡേകെയറുകൾക്കു തുല്യമായ രീതിയിൽ കുഞ്ഞുങ്ങൾക്ക് പകൽസംരക്ഷണം നൽകുന്ന അങ്കണവാടി കം ക്രഷ് പദ്ധതി ഒറ്റപ്പാലത്തും യാഥാർഥ്യമായി.
പദ്ധതി ഉദ്ഘാടനം അഡ്വ.കെ.പ്രേംകുമാർ എംഎൽഎ നിർവഹിച്ചു. 29ാം വാർഡിലെ വിദ്യാജ്യോതി അങ്കണവാടിയിലാണ് പദ്ധതി നടപ്പാക്കിയത്. വനിതാ ശിശു വികസന വകുപ്പും ഒറ്റപ്പാലം നഗരസഭാ ഐസിഡിഎസും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.
നഗരസഭയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് പദ്ധതിയാണിത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും വീട്ടിൽ കുട്ടികളെ നോക്കാൻ ആളില്ലാത്തതുമായ വീടുകളിലെ അമ്മമാരുടെ ആറുമാസംമുതൽ മൂന്നുവയസുവരെയുള്ള കുട്ടികളെ സ്വകാര്യ ഡേ കെയറുകൾക്ക് തുല്യമായ രീതിയിൽ പരിചരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ് പ്രവർത്തനസമയം. ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സണ് ജാനകിദേവി അധ്യക്ഷയായി.