സിഐടിയു സമരം; ചർച്ച വീണ്ടും പരാജയം
1541903
Saturday, April 12, 2025 12:07 AM IST
ഷൊർണൂർ: സിഐടിയു കുടിൽകെട്ടി സമരം ചെയ്യുന്ന കുളപ്പുള്ളിയിലെ സ്ഥാപന ഉടമയുമായി ലേബർ ഓഫീസർ നടത്തിയ ചർച്ച പരാജയപ്പെട്ടു. യോഗത്തിനെത്തിയ ഉടമ ചർച്ചയ്ക്കു നിൽക്കാതെ ഹൈക്കോടതി തനിക്ക് അനുകൂലമായി നൽകിയ വിധി നടപ്പാക്കാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ലേബർ കാർഡില്ലാത്ത തൊഴിലാളികളെ സ്ഥാപനഉടമ നീക്കം ചെയ്യണമെന്നു സിഐടിയുവും ആവശ്യപ്പെട്ടതോടെയാണ് ചർച്ച പൊളിഞ്ഞത്. ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടക്കും.
അതേസമയം, താൻ ആത്മഹത്യയുടെ വക്കിലാണെന്നാണ് സ്ഥാപന ഉടമ പറയുന്നത്. സ്ഥാപനം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. കുളപ്പുള്ളിയിൽ കെട്ടിടനിർമാണ സാമഗ്രികൾ വിൽക്കുന്ന പ്രകാശ് സ്റ്റീൽ കടയ്ക്കുമുൻമ്പിലാണ് സിഐടിയു ചുമട്ടുതൊഴിലാളികൾ സമരം നടത്തിവരുന്നത്. നേരത്തെയും ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ചർച്ച നടന്നതു പരാജയപ്പെട്ടിരുന്നു. തുടർന്ന് സ്ഥാപനഉടമ പ്രകാശിനു തൊഴിലാളികളിൽനിന്ന് മർദനമേറ്റതായും പരാതി ഉയർന്നു. സ്ഥാപനത്തിൽ കയറ്റിറക്കിനായി സ്ഥാപിച്ച യന്ത്രം പ്രവർത്തിപ്പിക്കാൻ തങ്ങളെ അനുവദിക്കണമെന്നായിരുന്നു ചുമട്ടുതൊഴിലാളികളുടെ ആവശ്യം.
കയറ്റാനും ഇറക്കാനും രണ്ടുപേർവീതവും ഒരാൾ യന്ത്രത്തിന്റെ ബെൽറ്റിലും എന്ന രീതിയിൽ ജോലി നൽകണമെന്ന് തൊഴിലാളിനേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനും സ്വന്തംതൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്കു ചെയ്യുന്നതിനും കോടതിയുത്തരവുണ്ടെന്നായിരുന്നു സ്ഥാപനയുടമയുടെ നിലപാട്. ജില്ലാ ലേബർ ഓഫീസറുടെ സാനിധ്യത്തിൽ ഒറ്റപ്പാലം ലേബർ ഓഫീസിൽ നടന്ന ചർച്ചയിലും ഇതായിരുന്നു വാദം. സമരം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയാറാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാനേതാക്കളും അറിയിച്ചിരുന്നു.