സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കാൻ ശ്രമദാനത്തിലൂടെ വഴിവെട്ടി നാട്ടുകാർ
1541309
Thursday, April 10, 2025 1:47 AM IST
മുതലമട: ഗായത്രിപുഴയ്ക്ക് കുറികെയുള്ള പള്ളം- ചുള്ളിയാർപുഴ പാലത്തിനു തടസമായി നിൽക്കുന്ന അപ്രോച്ച് റോഡിനായി വഴിവെട്ടി നാട്ടുകാർ.
പള്ളം, പട്ടർപള്ളം, തിരുമികുളമ്പ്, ലവച്ചള്ള, മല്ലൻകുളമ്പ് തുടങ്ങിയിടങ്ങളിലെ നൂറുകണക്കിനു നാട്ടുകാരും വിദ്യാർഥികളുമാണ് അപ്രോച്ച് റോഡിനായി വഴിയൊരുക്കാൻ രംഗത്തിറങ്ങിയത്.
യാത്രാസൗകര്യം നിഷേധിക്കപ്പെട്ട ഈ പ്രദേശത്തെ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ചുള്ളിയാർമേട് എത്താനുള്ള ഏക ആശ്രയമാണ് പള്ളം ചുള്ളിയാർ പുഴപ്പാലം.
ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, ആശുപത്രി, ഹൈസ്കൂളുകൾ,അക്ഷയകേന്ദ്രം തുടങ്ങി നിരവധി സേവനങ്ങൾക്കായി നൂറുകണക്കിന് പൊതുജനങ്ങളും വിദ്യാർഥികളുമെല്ലാം തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെയാണ് യാത്ര ചെയ്യുന്നത്. സാങ്കേതികത്വത്തിന്റെ പേരിൽ പാലംനിർമാണവും സ്ഥലം ഏറ്റെടുപ്പുമെല്ലാം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാർതന്നെ രംഗത്തെത്തി വഴിവെട്ടിത്തുടങ്ങിയത്.