ജില്ലാ കളക്ടർ- വിദ്യാർഥി മുഖാമുഖം പരിപാടിക്കു തുടക്കം
1541598
Friday, April 11, 2025 12:45 AM IST
പാലക്കാട്: സമൂഹത്തിൽ നിരന്തരമായ മത്സരംനേരിടുന്ന വിദ്യാർഥികൾ ജീവിതത്തിൽ ആഗ്രഹിക്കുന്ന വിജയം കൈവരിക്കണമെങ്കിൽ കഠിനാധ്വാനവും നൈപുണ്യവികസനവും വായനയും അനിവാര്യമാണെന്നു ജില്ലാ കളക്ടർ ജി. പ്രിയങ്ക.
പ്രചോദനാത്മക ബുധനാഴ്ച എന്നപേരിൽ എല്ലാ ബുധനാഴ്ചയും വിദ്യാർഥികളുമായി നേരിട്ടു സംവദിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കളക്ടർ. കളക്ടറുടെ ചേംബറിലും ജില്ലാ പബ്ലിക് ലൈബ്രറിയിലുമായി നടക്കുന്ന പരിപാടി വിഭാവനം ചെയ്തതും ജില്ലാകളക്ടർ പ്രിയങ്ക തന്നെ.
ജില്ലാ പബ്ലിക് ലൈബ്രറി, സംസ്ഥാന വിദ്യാഭ്യാസവകുപ്പ് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം ഈ പദ്ധതി നടപ്പിലാക്കുന്നത്. പാലക്കാട് പി.എം.ജി. ഹൈ സ്കൂളിലെ 25 വിദ്യാര്‍ഥികളാണ് കഴിഞ്ഞദിവസത്തെ ആദ്യപരിപാടിയിൽ ജില്ലാ കളക്ടറുമായി മുഖാമുഖത്തിനെത്തിയത്. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ വിനോദ് കുമാർ, പിഎംജി ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് നിർമ്മല എന്നിവരും കുട്ടികളുമായി സംവദിച്ചു. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും കളക്ടർ ഒപ്പിട്ട പുസ്തകങ്ങൾ സമ്മാനിച്ചു.
എല്ലാ ബുധനാഴ്ചകളിലും പാലക്കാട് ജില്ലയിലെ ഓരോ സ്കൂളുകളിലെ വിദ്യാർഥികളുമായി ഈ സമാഗമം തുടരും.