"നമ്മ കോവൈ' ആപ് പുറത്തിറക്കി കോർപറേഷൻ
1541603
Friday, April 11, 2025 12:45 AM IST
കോയന്പത്തൂർ: പൊതുജനങ്ങൾക്കു നഗരഭരണകൂടവുമായി ബന്ധപ്പെടാൻ "നമ്മ കോവൈ' മൊബൈൽ അപ്ലിക്കേഷൻ ആപ് പുറത്തിറക്കി കോയന്പത്തൂർ കോർപറേഷൻ. നഗരവാസികൾക്ക് അവരുടെ വാർഡുകളിൽ നേരിടുന്ന പരാതികളും പ്രശ്നങ്ങളും ഫോട്ടോകൾ സഹിതം സമർപ്പിക്കാൻ ആപ് ഉപയോഗിക്കാം.
കോർപറേഷൻ കമ്മീഷണർ, മേയർ എന്നിവരുൾപ്പെടെ കോർപറേഷനിലെ എല്ലാ ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ടു ബന്ധപ്പെടാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മൊബൈൽ ആപ് ഉപയോഗിച്ചു സമീപത്തുള്ള വൈദ്യുത ഓഫീസ്, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷനുകൾ, അഞ്ചു സോണുകളിലെയും കോർപറേഷൻ ഓഫീസുകൾ, പൊതു ടോയ്ലറ്റുകൾ എന്നിവയുടെ സ്ഥാനം ആളുകൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.
വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും കോർപറേഷനിൽ നിന്നുള്ള ഏറ്റവും പുതിയ അറിയിപ്പുകളും ആപിലൂടെ ലഭ്യമാക്കും. കഴിഞ്ഞ ദിവസം മന്ത്രി വി. സെന്തിൽ ബാലാജി, ജില്ലാ കളക്ടർ പവൻകുമാർ, നഗരഭരണ മേധാവികൾ എന്നിവർചേർന്ന് ആപ് സംവിധാനം ഉദ്ഘാടനം ചെയ്തു.
സേവനം ഉടൻതന്നെ ലഭ്യമാകുമെന്നു കോർപറേഷൻ അധികൃതർ അറിയിച്ചു.