പുഴ വഴിമാറി; മാന്നന്നൂർ തടയണയ്ക്കു സമീപത്തെ കർഷകർ ആധിയിൽ
1541308
Thursday, April 10, 2025 1:47 AM IST
ഒറ്റപ്പാലം: മാന്നന്നൂർ ഉരുക്കുതടയണക്കു സമീപത്തെ കർഷകർ ഭീതിയിൽ. ശക്തമായി പെയ്യുന്ന വേനൽമഴയാണ് മാന്നനൂരിലെ കർഷകരെ ആശങ്കയിലാക്കുന്നത്. പുനർനിർമാണത്തിനായി പുഴയിലെ നീരൊഴുക്ക് ഗതിമാറ്റാൻ സ്ഥാപിച്ച ബണ്ടുപൊട്ടിയതാണ് ആശങ്കയ്ക്കുകാരണം.
യന്ത്രമുപയോഗിച്ച് പുഴയിലെ മണൽകൊണ്ട് വലിയ ബണ്ടുകെട്ടി വെള്ളത്തിന്റെ ഒഴുക്ക് പൈങ്കുളം ഭാഗത്തേക്കു ഗതിമാറ്റിയാണ് മാന്നനൂർ ഉരുക്കുതടയണയുടെ സംരക്ഷണഭിത്തികളുടെ നിർമാണം നടത്തിയത്. എന്നാൽ ഈ ബണ്ട് 20 മീറ്ററോളം പൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇതോടെ, തകർന്ന സംരക്ഷണഭിത്തിക്ക് പുറകിലൂടെയും കൃഷിയിടത്തിനു സമീപത്തുകൂടിയുമാണിപ്പോൾ പുഴയൊഴുകുന്നത്. വീണ്ടും പുഴയിൽ നീരൊഴുക്ക് കൂടിയാൽ കൃഷിഭൂമി ഇടിയുന്ന സ്ഥിതിയുണ്ടാകും.
നേരത്തേ, പുഴയിലെ വെള്ളം കുറഞ്ഞതോടെ കഴിഞ്ഞമഴയിൽ തകർന്ന തടയണയുടെ പുനർനിർമാണം തുടങ്ങിയിരുന്നു. എന്നാൽ, വേനൽമഴയിൽ പുഴയിലെ വെള്ളം കൂടിയതോടെ പണികൾ നിർത്തിവച്ചു. യന്ത്രങ്ങളും മോട്ടോർ ഉൾപ്പെടെയുള്ളവയും പുഴയിൽനിന്ന് കരയിലേക്കു മാറ്റിയിട്ടുണ്ട്. ഇതോടെ, കർഷകരും ആശങ്കയിലാണ്. പുനർനിർമാണം പൂർത്തിയായില്ലെങ്കിൽ, മഴയിൽ വെള്ളംകൂടിയാൽ കൃഷിഭൂമികൾ കൂടുതൽ നഷ്ടപ്പെടും.