മദ്യം ലഹരിയല്ലെന്നു സർക്കാർ പ്രചരിപ്പിക്കുന്നു: വി.എം. സുധീരൻ
1541900
Saturday, April 12, 2025 12:07 AM IST
പാലക്കാട്: പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ വിസ്മരിച്ച് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നതെന്ന് കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ. മദ്യം ലഹരിയല്ല, മയക്കുമരുന്നാണ് ലഹരി എന്ന മട്ടിലാണ് സർക്കാരിന്റെ പ്രചാരണം. ഇതു കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം എലപ്പുള്ളിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എല്ലാം ഇടതുപക്ഷ സർക്കാർ ലംഘിച്ചിരിക്കുകയാണ്. മദ്യവർജനമാണ് ലക്ഷ്യംവയ്ക്കുന്നതെന്നായിരുന്നു പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാൽ മദ്യഷാപ്പുകളുടെ എണ്ണം വർധിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. യുഡിഎഫ് അധികാരത്തിൽ നിന്ന് ഒഴിയുന്പോൾ 29 ബാറുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് ആയിരത്തിലേറെയായി ഉയർന്നു. കേരളത്തെ മദ്യവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒരു വശത്ത് മദ്യവർജനം എന്നു പ്രഖ്യാപിക്കുന്പോഴും യഥേഷ്ടം ബ്രൂവറികൾ സ്ഥാപിക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. ഐടി മേഖലയിലും മറ്റും മദ്യം വിളന്പാൻ സൗകര്യം ഒരുക്കുന്നു.
വിനോദസഞ്ചാരത്തിന്റെ പേരിൽ ഡ്രൈ ഡേകളിൽ പോലും സർക്കാർ ഇളവുവരുത്തി. മദ്യലഹരിയിൽ അക്രമവും മറ്റും നാൾക്കുനാൾ പെരുകുന്പോൾ മദ്യവർജനം നടപ്പാക്കുമെന്ന് പറയുന്നത് വിരോധാഭാസമാണ്. സർക്കാർ തെറ്റായ നടപടികളിൽ നിന്നും പിന്തിരിയണം. മദ്യം വർജിക്കുക എന്ന പ്രചരണം അഴിച്ചുവിട്ട് ജനങ്ങളോട് ഏറ്റവും വലിയ വഞ്ചനയാണ് സർക്കാർ കാണിക്കുന്നതെന്നും വി.എം. സുധീരൻ കുറ്റപ്പെടുത്തി.
സർക്കാരിന്റെ എലപ്പുള്ളിയിലെ ബ്രൂവറിയോടുള്ള സമീപനം സുതാര്യമല്ല. ബ്രൂവറി നിർമിക്കാൻ വേണ്ടി സർക്കാർ നിരത്തുന്ന അവകാശവാദങ്ങളെല്ലാം പൊള്ളയാണ്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശമാണ് എലപ്പുള്ളി. ഭൂഗർഭജലത്തിന്റെ തോത് പോലും കുറയുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇവിടെ മദ്യനിർമാണ ശാല സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും വി.എം. സുധീരൻ ആവശ്യപ്പെട്ടു.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു, ഡിസിസി ജനറൽ സെക്രട്ടറി പത്മഗിരീശൻ, പാലക്കാട് ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് ഡോ. ലക്ഷ്മി ആർ. ചന്ദ്രൻ, സെക്രട്ടറി കെ.വി. പുണ്യകുമാരി, എലപ്പുള്ളി മണ്ഡലം പ്രസിഡന്റ് ഡി. രമേശൻ എന്നിവരും വി.എം. സുധീരനൊപ്പം ഉണ്ടായിരുന്നു.
ശാസ്ത്രവേദി ജില്ലാ കമ്മിറ്റി എലപ്പുള്ളി മദ്യനിർമാണശാല സാമൂഹ്യ പാരിസ്ഥിതിക പ്രത്യാഘാത സാധ്യതാപഠനത്തെക്കുറിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുധീരൻ.
അതേസമയം കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഡോ. ശൂരനാട് രാജശേഖരന്റെ നിര്യാണത്തെതുടർന്ന് പരിപാടി മാറ്റിവച്ചു.