ടോൾകമ്പനിയുടെ നിലപാട് സർവകക്ഷി യോഗതീരുമാനങ്ങൾക്കു വിരുദ്ധം
1540957
Wednesday, April 9, 2025 1:10 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളുടെ ടോൾ സംബന്ധിച്ച ചർച്ച കഴിഞ്ഞ് മണിക്കൂറുകൾ കഴിയുംമുന്പ് ടോൾകമ്പനി മലക്കം മറിഞ്ഞു.
ഇന്നലെ സൗജന്യപ്രവേശനത്തിനു രേഖകൾ നൽകാൻ മൂലങ്കോട് കവളപ്പാടത്തുനിന്നുള്ളവർ ചെന്നപ്പോഴാണ് ടോൾ കമ്പനി നിലപാട് മാറ്റിയത്. കവളപ്പാടത്തേക്ക് ടോൾപ്ലാസയിൽ നിന്നും 8.3 കിലോമീറ്റർ ദൂരമുണ്ടെന്നും അതിനാൽ സൗജന്യപാസിന് രേഖകൾ സ്വീകരിക്കാനാകില്ലെന്നായിരുന്നു ടോൾ അധികൃതരുടെ മറുപടി.
ഏഴര കിലോമീറ്റർ ദൂരപരിധിയിലുള്ളവർക്ക് സൗജന്യപാസ് അനുവദിക്കൂ എന്ന സമീപനമായിരുന്നു അധികൃതർ സ്വീകരിച്ചത്.
എന്നാൽ ഏഴര കിലോമീറ്ററിനപ്പുറം പാലക്കാട് എഡിഎം പരിശോധിച്ച് കണ്ടെത്തിയ ചില പ്രത്യേക പോയിന്റുകളിലെ വാഹനങ്ങൾക്കുകൂടി സൗജന്യപ്രവേശനം നൽകുമെന്നായിരുന്നു തിങ്കളാഴ്ച വൈകുന്നേരം എംപി, എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മറ്റു സമരക്കാരും പങ്കെടുത്ത സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നത്.
ഈ തീരുമാനത്തിനു വിരുദ്ധമായാണ് ടോൾ കമ്പനി പ്രവർത്തിക്കുന്നത്. ഈ പ്രശ്നം ഇനി മറ്റു പ്രദേശങ്ങളിലും ഉണ്ടാകും.