കഞ്ചിക്കോട് മുതൽ കല്ലടിക്കോടുവരെ കാട്ടാനകൾ കൊന്നതു 18 പേരെ
1540954
Wednesday, April 9, 2025 1:10 AM IST
കല്ലടിക്കോട്: കഞ്ചിക്കോട് മുതൽ കല്ലടിക്കോടുവരെ കഴിഞ്ഞ ഒന്പതുവർഷത്തിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതു 18 പേർ.11 പേർക്കു പരിക്കേറ്റു. ഈ പ്രദേശത്തു കാട്ടാനകൾ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നശിപ്പിച്ചതു 12 കോടിയുടെ കാർഷികവിളകളാണ്.
സ്ഥിരമായി കാട്ടാനകൾ ഇറങ്ങാറുള്ള ഈ മേഖലയിൽ ആവശ്യത്തിനു വാച്ചർമാരെ നിയമിക്കാനോ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താനോ വനംവകുപ്പ് അധികൃതർ തയാറായിട്ടില്ല. കാട്ടാനകൾ കൃഷിയിടത്തിൽ എത്തിയെന്ന് അറിയിച്ചാൽ അവർ വന്ന് കാട്ടാനകളെ വനത്തിലേക്കു കയറ്റിവിടുമെന്നല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിക്കാറുമില്ല. വാളയാർ മുതൽ മുണ്ടനാട് വരെയുള്ള മലയോരമേഖലയിൽ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നതു തടയാൻ വൈദ്യുതിവേലി നിർമിക്കാൻ രൂപരേഖ തയാറാക്കുകയും ചില ഭാഗങ്ങളിൽ വേലി നിർമിക്കുകയും ചെയ്തിരുന്നു.
എന്നാൽ കാട്ടാനകൾ ഈ വേലി തകർത്തു കൃഷിയിടത്തിൽ കടന്ന് കൃഷികൾ നശിപ്പിക്കുന്നതും ആളുകളെ ആക്രമിക്കുന്നതും പതിവാണ്.
കാട്ടാനകളുടെ ആക്രമണം തടയാൻ കയറംകോട് വടക്കുംമുറിയിൽ സ്ഥിരമായി കുങ്കി ആനയെ നിർത്തണമെന്നും ട്രഞ്ചുകളും റെയിൽ ഫെൻസിംഗും സോളാർ വൈദ്യുതിവേലിയും നിർമിക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.