നീലഗിരി ജില്ലയ്ക്കു കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
1540378
Monday, April 7, 2025 1:26 AM IST
ഊട്ടി: നീലഗിരി ജില്ലയ്ക്കായി കോടിക്കണക്കിന് രൂപയുടെ 6 പ്രത്യേക പദ്ധതികൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു. 700 കിടക്കകളും ആധുനിക മെഡിക്കൽ സൗകര്യങ്ങളുമുള്ള ഊട്ടിയിൽ നിർമിച്ച നീലഗിരി ജില്ലാ മെഡിക്കൽ കോളജ് ആശുപത്രി മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു.
ചടങ്ങിൽ 1703 പദ്ധതികളുടെ പ്രഖ്യാപനവും നടന്നു. 56 പുതിയ വികസന പദ്ധതികൾക്കു തറക്കില്ലിടുകയും ചെയ്തു.
നീലഗിരി ജില്ലയിൽ സ്വന്തമായി വീടില്ലാത്ത ദരിദ്രർക്കായി ഗൂഡല്ലൂരിൽ 100 കോടി രൂപ അനുവദിച്ചു. 300 വീടുകളുള്ള പുതിയ ആർട്ടിസ്റ്റ് ടൗൺ 100 കോടിരൂപ ചെലവിൽ നിർമിക്കും.
ജില്ലയിലെ ആദിവാസി ജനതയുടെ ജീവിതശൈലിയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനു 100 കോടി രൂപ വകയിരുത്തി.
ഒരു കോടി രൂപ ചെലവിൽ ആദിവാസി മ്യൂസിയവും ഗവേഷണ കേന്ദ്രവും സ്ഥാപിക്കും.
ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികൾക്കു കുറഞ്ഞചെലവിൽ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
ഊട്ടിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനു 20 കോടിയുടെ പദ്ധതിയും നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിമാരായ എ.വി. വേലു, സ്വാമിനാഥൻ, എം.എ. സുബ്രഹ്മണ്യൻ, നീലഗിരി എംപി എ. രാജ, നീലഗിരി ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തനിയാരു, തുടങ്ങിയവർ പ്രസംഗിച്ചു.